കേളകം ടൗണിൽ പ്രവർത്തിക്കുന്ന വെളിയത്ത് ജ്വല്ലറി ഉടമ വിജയകുമാറിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കേളകം: ബാങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് ജ്വല്ലറിക്ക് വിൽക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയുടെ കയ്യിൽ നിന്ന് നാല് ലക്ഷം രൂപ കവരുകയും പകരം മുക്കുപണ്ടം നൽകി മുങ്ങുകയും ചെയ്ത സംഭവത്തിൽ കേളകം പോലീസ് കേസെടുത്തു. കേളകം ടൗണിൽ പ്രവർത്തിക്കുന്ന വെളിയത്ത് ജ്വല്ലറി ഉടമ വിജയകുമാറിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഓഗസ്റ്റ് ആറിന് ഉച്ചയ്ക്കാണ് തട്ടിപ്പുകാരൻ ജ്വല്ലറിയിൽ എത്തുന്നത്. കണിച്ചാർ സ്വദേശിയായ അനൂപ് ആണെന്നും കെഎസ്ഇബി ജീവനക്കാരനാണെന്നും ഇയാൾ സ്വയം പരിചയപ്പെടുത്തി. ഭാര്യക്ക് ഇസ്രായേലിൽ പോകാൻ പണത്തിന് ആവശ്യമുണ്ടെന്നും, കേളകം ഗ്രാമീൺ ബാങ്കിൽ മൂന്നര ലക്ഷം രൂപയ്ക്ക് പണയം വെച്ചിട്ടുള്ള അഞ്ചുപവന്റെ മാല തിരിച്ചെടുക്കാൻ സഹായിച്ചാൽ അത് ഈ ജ്വല്ലറിക്ക് തന്നെ വിൽക്കാമെന്നും ഇയാൾ ജ്വല്ലറി ഉടമയെ വിശ്വസിപ്പിച്ചു.
ഇതനുസരിച്ച് ഓഗസ്റ്റ് ഏഴിന് രാവിലെ വിജയകുമാർ പണവുമായി ബാങ്കിലെത്തി. ഗ്രാമീൺ ബാങ്കിന് പുറത്തുവെച്ച് നാല് ലക്ഷം രൂപ വാങ്ങിയ ശേഷം പ്രതി ബാങ്കിനുള്ളിലേക്ക് കയറിപ്പോയി. തുടർന്ന് ബാങ്കിൽ നിന്നും തിരിച്ചെടുത്തതാണെന്ന് വിശ്വസിപ്പിച്ച് ഒരു മാല വിജയകുമാറിന് കൈമാറുകയും ഭാര്യയോടൊപ്പം ജ്വല്ലറിയിൽ എത്താന്ന് പറഞ്ഞ് അവിടെ നിന്നും മുങ്ങുകയുമായിരുന്നു.
പിന്നീട് കടയിലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് ആറ് പവനോളം തൂക്കം വരുന്ന ഈ മാല മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തുടർന്ന് വിജയകുമാർ ബാങ്ക് മാനേജറുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. ഇയാൾ ബാങ്കിൽ പണമിടപാടുകളൊന്നും നടത്തിയിട്ടില്ലെന്നും പണത്തിന് ചേഞ്ച് വാങ്ങാൻ മാത്രമാണ് അകത്ത് കയറിയതെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും സ്ഥിരീകരിച്ചു.
വെളുത്ത ഷർട്ടും ചന്ദന കളർ പാന്റും തൊപ്പിയും ധരിച്ചെത്തിയ പ്രതിക്കായി കേളകം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



