
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം ഇന്നലെ ഒറ്റ ദിവസം പെയ്ത മഴയിൽ വൻ നാശനഷ്ടം. മലപ്പുറത്തും ഇടുക്കിയിലും കോട്ടയത്തുമായി ആറ് മരണം. മലപ്പുറം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ നാല് പേർക്കായി ഇന്നും തിരച്ചിൽ തുടരും. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ ഇന്നലെ ഉണ്ടായ മലവെള്ള പാച്ചിലിൽ ഒഴുക്കിൽപ്പെട്ട രണ്ട് പേർ മരിച്ചു. 6 പേർ ഒഴുക്കിൽ പെട്ടതായാണ് വിവരം. കോട്ടക്കൽ എടരിക്കോട് സ്വദേശി അനസ് മാങ്ങാടൻ,തിരൂർ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരാണ് മരിച്ചത്.



