IRITTY

ഇരിട്ടിയിൽ ഗുണ്ട ആക്രമണം; യാത്രക്കാരനെ കല്ലും സിമന്റ് കട്ടയും കൊണ്ട് ക്രൂരമായി മർദ്ദിച്ചു. ഓപ്പറേഷൻ തൂഫാനിൽ പ്രതികളായ ദമ്പതിമാർ റിമാൻഡിൽ

ലഹരി സംഘങ്ങളെയും സാമൂഹ്യവിരുദ്ധരെയും അമർച്ച ചെയ്യാൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി ഇരട്ടിയിലെ പ്രമുഖ കുറ്റവാളികളെ പോലീസ് പിടികൂടി. ഇരട്ടി പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന് മുകളിലത്തെ നിലയിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പുന്നാട് സ്വദേശി കെ കെ സുഭാഷിനെയും ഭാര്യ പാർവതിയെയും പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കോളാരി സ്വദേശി നാസറിനെ ഇരട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലത് കാലിന്റെ എല്ല് പൊട്ടിയതോടൊപ്പം തലയ്ക്കും കൈയ്ക്കും ഇടത് തുടയ്ക്കും ഗുരുതര പരിക്കാണ് പറ്റിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പതിവുപോലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിലത്തെ നിലയിൽ ബെഞ്ചിൽ വിശ്രമിക്കുകയായിരുന്ന നാസറിനോട് സുഭാഷും പാർവതിയും സ്ഥലത്ത് നിന്ന് പോകാൻ ആവശ്യപ്പെട്ടു.

ഇത് പൊതുസ്ഥലമാണെന്ന് നാസർ പറഞ്ഞതോടെ ഇരുവരും ചേർന്ന് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. നാസറിനെ തള്ളി നിലത്തിട്ട ശേഷം സുഭാഷ് സമീപത്തുണ്ടായിരുന്ന സിമന്റ് കട്ട വലത് കാലിലേക്ക് എടുത്തിട്ടതായും തുടർന്ന് പാർവതി കല്ലുകൊണ്ട് തലയ്ക്കും കൈയ്ക്കും ഇടത് തുടയ്ക്കും അടിച്ചതായും പരാതിയിൽ പറയുന്നു. സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ഓടിയെത്തിയാണ് പരിക്കേറ്റ നാസറിനെ ആശുപത്രിയിൽ എത്തിച്ചത്.

ഇരട്ടി മുഴക്കുന്ന് ആറളം പോലീസ് സ്റ്റേഷൻ പരിധികളിലും ഇരട്ടി മട്ടന്നൂർ എക്സൈസ് റേഞ്ചുകളിലുമായി രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് സുഭാഷ് എന്ന് പോലീസ് പറഞ്ഞു. ലഹരി ഉപയോഗവും കടത്തും നടത്തുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും സ്ഥിരം കുറ്റവാളിയായ സുഭാഷിനെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടികളും സ്വീകരിക്കുമെന്നും ഇരട്ടി പോലീസ് ഇൻസ്പെക്ടർ വി സിജിത്ത് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button