
കണ്ണൂർ: നഗരപരിധിയിലെ തയ്യിലിൽ അടച്ചിട്ട വീട് കേന്ദ്രീകരിച്ച് വൻ കവർച്ച. കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഇരുപത്തി ഒന്നേകാൽ പവൻ സ്വർണാഭരണങ്ങൾ മോഷ്ടാക്കൾ കവർന്നു. തയ്യിൽ കുറുംബക്കാവിനു സമീപത്തെ ടി. പ്രസന്നയുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.ഈ മാസം ഏഴാം തീയതി വൈകുന്നേരം ആറുമണിക്കും പത്തൊമ്പതാം തീയതി വൈകുന്നേരം ആറരയ്ക്കും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം.
വീടിന്റെ മുൻവാതിലോ ജനലോ വഴി അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ ഇരുമ്പ് അലമാര കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കൈക്കലാക്കിയത്. അഞ്ച് പവന്റെ ഒരു മാല, നാല് പവന്റെ വള, രണ്ടര പവന്റെ വള, രണ്ട് പവന്റെ ചെയിൻ, ഒരു പവന്റെ മോതിരം, മൂന്നര പവന്റെ നെക്‌ളേസ്, ഒന്നര പവന്റെ നെക്‌ളേസ്, ഒന്നേമുക്കാൽ പവന്റെ നെക്‌ളേസ് എന്നിവയുൾപ്പെടെ ആകെ ഇരുപത്തി ഒന്നേകാൽ പവൻ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്
വിപണിയിൽ ഏകദേശം 24 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ സിറ്റി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. വിരലടയാള വിദഗ്ധരും ശാസ്ത്രീയ അന്വേഷണ വിഭാഗവും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മുൻകാല മോഷണക്കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.



