ഇരിക്കൂർ

പുഴയെടുക്കുമോ കൊളന്തക്കടവ് റോഡ്

ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ നിന്ന് തവറൂലിലേക്കുള്ള കൊളന്തക്കടവ് റോഡ്‌ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിൽ. തവറൂൽ കല്ലുകടവ് ഭാഗത്താണ് കഴിഞ്ഞ ദിവസം കരയിടിഞ്ഞ് അപകടസ്ഥയിലായത്. തവറൂൽ പുതിയ ഭഗവതി ക്ഷേത്രം, കതിവനൂർ വീരൻ ദേവസ്ഥാനം, മുത്തപ്പൻ മടപ്പുര എന്നിവിടങ്ങളിലേക്കുള്ള റോഡ് കൂടിയാണിത്. റോഡിടിഞ്ഞ ഭാഗത്തോട് ചേർന്ന് മൂന്ന് വീടുകളും നിരവധി കൃഷിയിടങ്ങളും ഉണ്ട്. നാല് വർഷം മുൻപ് പുഴയിലേക്കിടിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ റോഡ് ജനകീയ കൂട്ടായ്മയിൽ ശ്രമദാനമായി 80 ലോഡ് മണ്ണിട്ടാണ് നന്നാക്കിയിരുന്നു. പുഴയോരത്തെ കൂറ്റൻ മരംഇളകി വീണപ്പോഴാണ് റോഡും പുഴയിലേക്ക് ഇടിഞ്ഞത്.

ഇതിനു ശേഷം സജീവ് ജോസഫ് എം.എൽ.എ. യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു. ഇപ്പോൾ കോൺക്രീറ്റിന്റെ അടിഭാഗത്തെ മണ്ണ് ഉൾപ്പെടെ ഇടിഞ്ഞ് പോയി കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയിലാണ്.
ചെങ്ങളായിയിൽ നിന്ന് തവറൂലിലേക്ക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പതിവായി ഇതുവഴിയാണ് പോകാറുള്ളത്. ചെങ്ങളായി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ളപുഴയോര റോഡുകളിലൊന്നാണിത്.

ഒരു കാലത്ത് തവറൂൽ, പാറക്കാടി മേഖലയിലുള്ളവർ ഇതുവഴിയാണ് ചെങ്ങളായി ടൗണിലെത്തിയിരുന്നത്. ഇടിഞ്ഞ ഭാഗങ്ങളിൽ സുരക്ഷാഭിത്തി കെട്ടി ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button