വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിതമായ ഉപയോഗം; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിതമായ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇവ തുടര്‍ച്ചയായി കഴിക്കുന്നത് ഗുരുതരമായ വൃക്കരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ വില്‍ക്കരുതെന്നും മെഡിക്കള്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട്
നേരത്തെ തന്നെ വൃക്കരോഗമുള്ളവരോ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരോ ആണെങ്കില്‍ വേദനസംഹാരികള്‍ കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ നിര്‍ബന്ധമായും വിവരമറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയ നിര്‍ദേശം നല്‍കി. ജലദോഷം, തൊണ്ടവേദന തുടങ്ങിയ വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്ക് സ്വയം ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കരുത്. മുന്‍പ് എപ്പോഴെങ്കിലും ഡോക്ടര്‍ എഴുതിത്തന്ന മരുന്നുകളില്‍ ബാക്കിവന്നവയോ മറ്റ് വ്യക്തികള്‍ക്ക് നിര്‍ദേശിച്ച മരുന്നുകളോ സ്വയം കഴിക്കരുത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഡോക്ടറെ അറിയിക്കുക തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.
മിക്ക വേദനസംഹാരികളും ഷെഡ്യൂള്‍ എച്ച് വിഭാഗത്തിലും ആന്റിബയോട്ടിക്കുകള്‍ ഷെഡ്യൂള്‍ എച്ച് വണ്‍ വിഭാഗത്തിലുമാണ് ഉള്‍പ്പെടുന്നത്. അതിനാല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവയൊന്നും റീട്ടെയ്ല്‍ ഫാര്‍മസികള്‍ വഴി വില്‍ക്കാന്‍ പാടില്ലെന്നും രോഗികള്‍ സ്വയം വന്ന് ചോദിക്കുമ്പോള്‍ ഇത്തരം മരുന്നുകള്‍ നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ തയ്യാറാകരുതെന്നും മുന്നറിയിപ്പ് ഉണ്ട്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ജനങ്ങൾ ഇത്തരത്തിൽ മരുന്നുകൾ വാങ്ങി കഴിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ നടപടി.



