ഇരിക്കൂർ

അപകടാവസ്ഥയിൽ തൂക്കുപാലം

ശ്രീകണ്ഠപുരം : ഇരിക്കൂർ മണ്ഡലത്തിലെ ചെങ്ങളായിയെയും തളിപ്പറമ്പ് മണ്ഡലത്തിലുള്ള മലപ്പട്ടത്തെയും ബന്ധിപ്പിക്കുന്ന അഡൂർക്കടവ് തൂക്കുപാലം അപകടാവസ്ഥയിൽ. ചൊവ്വാഴ്ച രാത്രി മരം വീണതോടെ പാലത്തിന്റെ ഒരുഭാഗത്ത് കേടുപാടുകൾ സംഭവിച്ചു. ബുധനാഴ്ച ഉച്ചയോടെ മരംമുറിച്ച് നീക്കിയെങ്കിലും ജീവൻ പണയം വെച്ചാണ് ഇതുവഴി നാട്ടുകാർ പോകുന്നത്. ദിനംപ്രതി കുട്ടികളും പ്രായമായവരുമെല്ലാം തൂക്കുപാലം കടന്നാണ് മറുകരയിലെത്തുന്നത്. പല ഭാഗങ്ങളിലും തുരുമ്പെടുത്ത് അപകടഭീതിയിലാണ്.

ചവിട്ടുപടികളും കൈവരിഭാഗവും തുരുമ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ കാലിലും കൈയിലും തുരുമ്പിച്ച ഷീറ്റും കമ്പിയും കൊള്ളുന്നതും പതിവാണ്. പടികൾ നശിച്ചതിനാൽ കവുങ്ങുകൊണ്ട് താത്കാലിക പാലം ഉണ്ടാക്കിയാണ് തൂക്കുപാലവും കരയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത്. വർഷങ്ങളായി തൂക്കുപാലത്തിലൂടെ മാത്രം പുഴ മുറിച്ചുകടന്നിരുന്ന അഡൂർ, ചെങ്ങളായി നിവാസികൾക്ക് ആശ്വാസമായി 2024-ൽ അഡൂർക്കടവ് പാലം നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല. 12 കോടി രൂപ ചെലവിലാണ് അഡൂർക്കടവിൽ പാലം നിർമിക്കുന്നത്. 2018-19 വർഷത്തെ ബജറ്റിൽ 9.50 കോടി രൂപ പാലം നിർമാണത്തിന് അനുവദിച്ചിരുന്നു.തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ചെങ്ങളായി ഭാഗത്തുനിന്ന് കടവിലേക്കുള്ള ഭാഗത്താണ് പാലം പണി നടത്തുന്നത്. ഊരാളുങ്കൽ സൊസൈറ്റിയാണ് പാലത്തിന്റെ പണി നടത്തുന്നത്.

നിയമപരമായല്ല ടെൻഡർ നൽകിയതെന്നാരോപിച്ച് ഇരിക്കൂറിലെ കൺസ്ട്രക്‌ഷൻ കമ്പനി കേസ് നൽകിയതിനെ തുടർന്ന് വർഷങ്ങളോളം നിർമാണം നിലച്ചരുന്നു. 2003-ൽ ഹൈക്കോടതി കേസ് തള്ളിയതോടെയാണ് പ്രവൃത്തി തുടങ്ങിയത്. നിലവിൽ കോൺക്രീറ്റ് ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. പുതിയ പാലം വരുന്നതോടെ മലപ്പട്ടം, മയ്യിൽ ഭാഗത്തുള്ളവർക്കെല്ലാം ശ്രീകണ്ഠപുരം പോകാതെ ചെങ്ങളായി മേഖലയിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കും. കാലവർഷത്തിൽ ശ്രീകണ്ഠപുരം നഗരവും പരിപ്പായി പ്രദേശവുമെല്ലാം വെള്ളത്തിനടിയിലായി ദിവസങ്ങളോളം ഗതാഗതം മുടങ്ങുന്നത് പതിവാണ്. പാലം യാഥാർഥ്യമായാൽ ചെങ്ങളായി ഭാഗത്തെത്തുന്നവർക്ക് മലപ്പട്ടം, കണിയാർ വയൽ, ഇരിക്കൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താനും സാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button