മട്ടന്നൂർ

പഴശ്ശി കനാൽ തകർച്ച: വെള്ളമിറങ്ങി, ദുരിതമൊഴിഞ്ഞില്ല

മട്ടന്നൂർ : രണ്ടുദിവസത്തിനുശേഷം വെള്ളമൊഴിഞ്ഞിട്ടും ദുരിതമൊഴിയാതെ തെളുപ്പ്, തേക്കിൻകാട് മേഖലയിലെ വീട്ടുകാർ. വെള്ളിയാഴ്ച അർധരാത്രി പഴശ്ശി പ്രധാന കനാലിന്റെ തുരങ്കം തകർന്നാണ് നിരവധി വീടുകളിൽ വെള്ളം കയറിയത്. നാലുവീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. കനാലിന്റെ ഇരുവശങ്ങളും മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് പൊളിച്ചുനീക്കിയാണ് വെള്ളം തോട്ടിലേക്ക് ഒഴുക്കിവിട്ടത്. രണ്ടുദിവസത്തെ തീവ്രശ്രമത്തിനൊടുവിൽ ഞായറാഴ്ച വൈകീട്ടോടെയാണ് വെള്ളം വീടുകളിൽനിന്ന് ഒഴിഞ്ഞത്.


ശനിയാഴ്ച രാത്രി വൈകിയും വെള്ളമൊഴുക്കി കളയാനുള്ള ശ്രമം തുടർന്നിരുന്നു. വെള്ളം കുത്തിയൊഴുകിയാൽ താഴെഭാഗത്ത് വീണ്ടും നാശമുണ്ടാകുന്നതിനാൽ ചെറിയ തോതിൽ മാത്രമാണ് വെള്ളം ഒഴുക്കിവിട്ടത്. ഏറെ ദിവസങ്ങൾക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞതും പ്രവൃത്തിക്ക് സഹായകമായി
സി . ഉത്തമൻ, സി. മധുസൂദനൻ, ചേലേരി പ്രശാന്തൻ, സി. കാഞ്ചന എന്നിവരുടെ വീടുകളാണ് മുങ്ങിയത്. കനാലിന്റെ മറുഭാഗത്തെ കെ. അബ്ദുൾഖാദറിന്റെ വീട്ടുമതിൽ വെള്ളം കുത്തിയൊഴുകി തകർന്നു. വൻതോതിൽ മണ്ണും ചെളിയും വീട്ടിൽ അടിഞ്ഞുകൂടി. ഷംസുദ്ദീൻ, താഹിറ, അബ്ദുറഹ്‌മാൻ എന്നിവരുടെ വീടുകളിലും നാശമുണ്ടായി.


കീഴല്ലൂർ പഞ്ചായത്ത് ദുരന്തനിവാരണസേന, ഡി.വൈ.എഫ്.ഐ. യൂത്ത് ബ്രിഗേഡ്, വിവിധ സന്നദ്ധ സംഘടനകൾ, ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിലാണ് വീടുകളുടെ ശുചീകരണം നടത്തിയത്.അപകടം നടന്ന വെള്ളിയാഴ്ച രാത്രിമുതൽ നൂറുകണക്കിന് പേരാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഉൾപ്പടെ പങ്കാളികളായത്. ജനപ്രതിനിധികൾ, പോലീസ്, അഗ്നിരക്ഷാസേന,റവന്യൂ-ലസേചന വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button