
കണ്ണൂർ : പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് പ്രഭാത് ജങ്‌ഷൻ ഭാഗത്തേക്ക് ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും എളുപ്പം പോകാവുന്ന സ്നേഹാലയം റോഡരികിൽ മാലിന്യം നിറഞ്ഞുകിടക്കുന്നു. ഗതാഗതക്കുരുക്കിൽപ്പെടാതെ ചെറുവാഹനങ്ങൾക്ക് വേഗം പോകാൻ സാധിക്കുന്ന വഴിയിൽ ദുർഗന്ധമാണ്.
താവക്കരയിൽനിന്ന് 200 മീറ്ററോളം മുന്നോട്ട് പോകുമ്പോഴാണ് മാലിന്യം കൂടിക്കിടക്കുന്നത്. റോഡിനോട് ചേർന്ന കന്റോൺമെന്റിന്റെ സ്ഥലത്തേക്ക് വലിച്ചെറിയുന്ന മാലിന്യം പലപ്പോഴും റോഡിലാണ് വീണുകിടക്കുന്നത്.
കന്റോൺമെന്റിനോട് ചേർന്ന സ്നേഹാലയം റോഡിരികിൽ ഭക്ഷണാവശിഷ്ടം, പ്ലാസ്റ്റിക് കവറുകൾ, മദ്യക്കുപ്പികൾ, ക്ലോസറ്റ്, വാഷ്ബേസിൻ, കാർബോർഡ് പെട്ടി തുടങ്ങിയവ തള്ളിയിട്ടുണ്ട്. വർഷങ്ങളായി ഇവിടെ മാലിന്യം വലിച്ചെറിയുന്നുണ്ടെന്നാണ് നാട്ടുകാർ പറഞ്ഞത്. രാത്രിയിലാണ് വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത്. ഐസ്‌ക്രീം പാർലറുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യമാണ് കൂടുതലായി കൊണ്ടിടുന്നത്.
തെരുവുനായകൾ ഇവ കടിച്ച് പരിസരത്തെ വീടുകളിൽ കൊണ്ടിടുന്നത് പതിവാണ്. ഡയപ്പറുകളുൾപ്പെടെ വീട്ടുമുറ്റത്തുനിന്ന് എടുത്തുകളയേണ്ട ഗതികേടുണ്ടായിട്ടുണ്ടെന്ന് നാട് നാട്ടുകാർ പറഞ്ഞു. മഴക്കാലത്ത് സ്ഥിതി കൂടുതൽ മോശമാകും. വെള്ളം കെട്ടിക്കിടക്കുന്നതോടെ റോഡിലാകെ മാലിന്യം നിറയും. 25-ഓളം വീട്ടുകാർ ഉപയോഗിക്കുന്ന വഴിയാണിത്. പ്രദേശത്തുള്ളവർക്ക് താവക്കര ബസ് സ്റ്റാൻഡിലേക്ക് പോകാനുള്ള എളുപ്പവഴിയുമാണിത്.



