
സംസ്ഥാനത്ത് 2026 ജൂലൈ 29 മുതല്‍ ആഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ആശ്വാസമായി, പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിനും അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 5 വരെ നീട്ടിയതായി കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.
അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ച സാഹചര്യത്തില്‍, അര്‍ഹരായ ഒരു കര്‍ഷകനും അപേക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് സമയപരിധി ദീര്‍ഘിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിനും കൂടുതല്‍ കര്‍ഷകരെ വിള ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുമായി നേരത്തെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വിവിധ നടപടികള്‍ക്ക് തീരുമാനമെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് അപേക്ഷാ തീയതി നീട്ടിയത്.
ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്ത അര്‍ഹരായ എല്ലാ കര്‍ഷകരും സെപ്റ്റംബര്‍ അഞ്ചിനകം അകങട പോര്‍ട്ടല്‍ വഴിയോ സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെട്ടോ അപേക്ഷ സമര്‍പ്പിക്കണം.
പ്രകൃതിക്ഷോഭം മൂലം കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ ധനസഹായവും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരവും ലഭ്യമാക്കുന്നതിനൊപ്പം കൃഷി പുനരാരംഭിക്കുന്നതിനാവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്‍ഗണനയോടെ തുടരുമെന്നും മന്ത്രി അറിയിച്ചു.



