Kerala

വിമാനത്താവളങ്ങളിൽ കോടികളുടെ കുടിശ്ശിക; ജീവനക്കാർക്ക് ശമ്പളമില്ല, പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് സ്‌പൈസ് ജെറ്റ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രവർത്തന പ്രതിസന്ധിയിലും കുടിശ്ശിക ബാധ്യതകളിലും കുടുങ്ങി വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ്. വിവിധ വിമാനത്താവളങ്ങളിൽ അടച്ചുതീർക്കാനുള്ളത് കോടികളുടെ കുടിശ്ശികയാണെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്താവള അധികൃതർ ഉൾപ്പെടെയുള്ള വിവിധ സേവനദാതാക്കൾക്ക് നൽകാനുള്ള കുടിശ്ശികയാണ് പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നെന്നാണ് സൂചന. ഇതിന് പിന്നാലെ ജീവനക്കാർക്കും ശമ്പളം വൈകുന്ന സാഹചര്യമുണ്ടായതായാണ് റിപ്പോർട്ടുകൾ.


കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനം പരിമിതമാണ്. വിമാനത്താവളത്തിൽ കമ്പനിക്ക് പ്രത്യേക ഓഫീസ് പോലും നിലവിലില്ല. ആകെ 14 ജീവനക്കാരാണ് ഇവിടെ സ്‌പൈസ് ജെറ്റിനായി പ്രവർത്തിക്കുന്നത്. ജീവനക്കാർക്കും ക്രൂ അംഗങ്ങൾക്കും താമസസൗകര്യം ഒരുക്കുന്ന ഹോട്ടലുകളിലും കമ്പനി ലക്ഷങ്ങളുടെ ബില്ലുകൾ തീർപ്പാക്കാനുണ്ടെന്നാണ് വിവരം.സാമ്പത്തിക ബാധ്യതകൾ വർധിച്ചതോടെ സർവീസുകൾ കൃത്യമായി നടത്തുന്നതിലും കമ്പനി വെല്ലുവിളി നേരിടുകയാണ്.

ഇന്ധനം, വിമാനത്താവള സേവനങ്ങൾ, ഗ്രൗണ്ട് ഹാൻഡ്ലിങ്, ഹോട്ടൽ താമസം തുടങ്ങിയ ചെലവുകൾ സമയബന്ധിതമായി തീർപ്പാക്കാൻ കഴിയാത്തത് പ്രവർത്തന ശൃംഖലയെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്. ഓഗസ്റ്റ് ഒന്നു മുതൽ കൊച്ചിയിൽ നിന്നുള്ള സ്പൈസ്ജെറ്റ് സർവീസുകളിൽ വ്യാപകമായ കാലതാമസവും റദ്ദാക്കലുകളും പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ സ്പൈസ്ജെറ്റ് സർവീസ് റദ്ദാക്കിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button