
തളിപ്പറമ്പ് : രണ്ടുവയസ്സുകാരനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ചൊവ്വാഴ്ച ഓടിയത് 14 ബസുകൾ. ജനിക്കുമ്പോൾ മുതലുണ്ടായ ആമാശയസംബന്ധമായ അസുഖത്താൽ കുട്ടി ഭക്ഷണം കഴിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.
പ്രസവം മുതൽ ഉണ്ടായതാണ് അന്നനാളം മുതലുള്ള തകരാർ. അത് പരിഹരിക്കാൻ ശസ്ത്രക്രിയ വേണ്ടിവരും. കുട്ടിയുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണത്തിനായാണ് ശ്രീനിധി ട്രാവൽസിന്റെ 12 ബസുകളും കൃഷ്ണ ബസ് സർവീസിന്റെ രണ്ട് ബസുകളും ചൊവ്വാഴ്ച ഓടിയത്.കൂവേരിയിലെ വി.സലേഷിന്റെയും സഫ്നയുടെയും രണ്ടാമത്തെ കുട്ടി എൽസിൻ ഹെമലാണ് ജനനം മുതൽ ചികിത്സയിലുള്ളത്. ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ പറ്റുവെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനുമാത്രം 10 ലക്ഷം രൂപയോളം ചെലവ് വരും.
കുട്ടിയുടെ അച്ഛൻ സലേഷ് തളിപ്പറമ്പ് കൂവേരി-പെരുമ്പടവ് റൂട്ടിൽ ഓടുന്ന ശ്രീനിധി ബസിലെ ഡ്രൈവറാണ്. കുട്ടിക്ക് സുഖമില്ല എന്നറിഞ്ഞപ്പോൾ ബസുടമയും ജീവനക്കാരും ചേർന്ന് കാരുണ്യ സർവീസ് നടത്താൻ തീരുമാനിക്കുകയായിരുന്നു. 10 വർഷമായി ഓടുന്ന ശ്രീനിധി ബസുകൾ 12-ാമത് കാരുണ്യ സർവീസാണ് നടത്തിയത് -ഉടമ വെള്ളോറ സ്വദേശി സി.കെ.ഗംഗാധരൻ പറഞ്ഞു. കാരുണ്യ സർവീസിന്റെ തുക വ്യാഴാഴ്ച ടി.കെ.ഗോവിന്ദൻ എം.എൽ.എ. മുഖാന്തരം കൈമാറും -അദ്ദേഹം പറഞ്ഞു



