
തളിപ്പറമ്പ് : തിരക്കേറിയ തളിപ്പറമ്പ് ടൗണിൽ സീബ്ര വരകൾ മാഞ്ഞത് കാൽ നടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കാലങ്ങളായി സീബ്ര വരകൾ മാഞ്ഞിട്ടും വീണ്ടുംവരയ്ക്കാൻ നടപടിയില്ല ദേശീയപാത കടന്നുപോകുന്ന തളിപ്പറമ്പ് ടൗണിലൂടെ വാഹനങ്ങൾ അതിവേഗത്തിലാണ് പോകുന്നത്. ചിറവക്ക്, ടാക്സി സ്റ്റാൻഡിന് സമീപം, ബസ് സ്റ്റാൻഡിന് മുൻപിൽ തുടങ്ങിയ ഇടങ്ങളിലെല്ലാം സീബ്രാവരകൾ പൂർണമായും മാഞ്ഞു.
റോഡിൽ ഇങ്ങനെയൊരു വരയുണ്ടെന്ന് അടുത്തെത്തിയാൽ മാത്രമേ ഡ്രൈവർമാർക്ക് മനസിലാകു. ഇതു കാരണം പലപ്പോഴും അപകടങ്ങളുംഉണ്ടായിട്ടുണ്ട്. അനവധി കുട്ടികൾ പഠിക്കുന്ന മൂത്തേടത്ത് സ്കൂളിനു മുൻപിലും സ്ഥിതി വ്യത്യസ്ഥമല്ല. ചിറവക്ക് – മന്ന റോഡിൽ പലയിടത്തും വരച്ച സീബ്ര വരകളൊന്നും കാണാനില്ല. സീബ്രവരവഴി ആളുകൾ നടന്നുപോകുന്നത് കണ്ടാലും നിർത്താത്ത വാഹനങ്ങൾ ഒട്ടേറെയാണ്.
അതിവേഗം വരുന്ന പല സ്വകാര്യ ബസ് ഡ്രൈവർമാരും ഇങ്ങനെയൊരു വര കണ്ടതായി നടിക്കാറില്ല. പല വാഹനങ്ങളും ഓട്ടോ റിക്ഷകളും സീബ്രാവരയിൽ നിർത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. സീബ്രാ ലൈൻ വഴി മുറിച്ചു കടക്കൽ പ്രായമായവർക്കും കുട്ടികൾക്കും വലിയ വെല്ലുവിളിയാണ്.
സ്ഥിരമായി സീബ്ര ലൈനിൽ വാഹനങ്ങൾ നിർത്തിയിടുന്നവരും ഉണ്ട്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾക്കെതിരെ പലപ്പോഴും നടപടിയുണ്ടാകുന്നില്ല. തളിപ്പറമ്പ് ടൗണിലും പരിസരത്തു മുള്ള സീബ്ര വരകൾ വരച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



