
കൊച്ചി: ആസൂത്രണ ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയില്‍. വിവരാവകാശ നിയമ പ്രകാരം ഉദ്യോഗാര്‍ത്ഥികളുടെ രേഖകള്‍ നല്‍കണമെന്ന വിധിക്കെതിരെയാണ് ഹര്‍ജി. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും നല്‍കാനാവില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്.
വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണ്. വ്യക്തിപരമായ രേഖകള്‍ നല്‍കുന്നത് കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കും എന്നും പിഎസ്‌സിയുടെ ഹര്‍ജിയില്‍ വാദമുണ്ട്.
വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാര്‍ത്ഥിയുടെ അപേക്ഷയില്‍, പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റും ഉത്തരക്കടലാസും അടക്കം ലഭ്യമാക്കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സി തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ അന്ത്യശാസനവുമായി വിവരാവകാശ കമ്മീഷന്‍ രംഗത്തെത്തുകയും ചെയ്തു. ഉത്തരവ് വന്ന് ഒരു മാസം കഴിഞ്ഞിട്ടും ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ വിവരങ്ങള്‍ നല്‍കാത്ത സാഹചര്യത്തിലായിരുന്നു ഇത്. പരീക്ഷാ രേഖകള്‍ ഉടന്‍ പിഎസ്‌സിക്ക് നല്‍കണമെന്നും രേഖകള്‍ കൈമാറാന്‍ വൈകിയതില്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.



