
കണ്ണൂർ: ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരാതി വ്യാപകമായതിനെത്തുടർന്ന് പരിശോധന ശക്തമാക്കി കോർപ്പറേഷനും ആരോഗ്യവകുപ്പും. കഴിഞ്ഞദിവസം കോക്ക്ടെയിൽ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്നാണ് കണ്ണൂർ നഗരത്തിൽ ആരോഗ്യവിഭാഗങ്ങൾ പരിശോധന നടത്തിയത്. കോർപ്പറേഷൻ പരിധിയിലെ ജ്യൂസ് കടകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സ്ഥാപനങ്ങളിലെ ശുചിത്വം, ലൈസൻസും അനുബന്ധ രേഖകളും, ജീവനക്കാരുടെ വ്യക്തിശുചിത്വം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.
ന്യൂനതകണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരുംദിവസങ്ങളിലും കോർപ്പറേഷന്റെ വിവിധ ഇടങ്ങളിൽ പരിശോധന തുടരുമെന്ന് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ജയമോഹൻ പറഞ്ഞു. കഴിഞ്ഞദിവസം പൂട്ടിയ ജ്യൂസ്‌കടയിലെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലംവരുന്നതനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്‌സൺ ശ്രീജ മഠത്തിൽ പറഞ്ഞു. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ സജി രേഖ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. സജില, ഹെൽത്ത് ഇൻസ്പെക്ടർ ലൂസി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. നവ്യ, നവ്യ എന്നിവർ പങ്കെടുത്തു.



