ഇന്‍സ്റ്റഗ്രാം വഴി പ്രണയം; ചാറ്റുകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ഒരേ ക്ലാസിലെ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചു: തളിപ്പറമ്പ് സ്വദേശിയായ യുവാവ് അറസ്റ്റില്‍

പോത്തന്‍കോട്: ഇന്‍സ്റ്റഗ്രാം വഴി പ്രണയം നടിച്ച് ഒരേ ക്ലാസില്‍ പഠിക്കുന്ന 14 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കെ.വി. അനുരാജിനെ (23) പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളുടെ പരാതിയില്‍ പ്രതിക്കെതിരെ രണ്ട് പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് സ്റ്റേഷനിലെ മറ്റ് രണ്ട് പോക്‌സോ കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്‍സ്റ്റഗ്രാം വഴിയാണ് അനുരാജ് ആദ്യം ഒരു പെണ്‍കുട്ടിയെയും പിന്നീട് അതേ ക്ലാസിലെ രണ്ടാമത്തെ പെണ്‍കുട്ടിയെയും പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച ശേഷം സ്വകാര്യ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളെ നേരില്‍ കാണാന്‍ പ്രേരിപ്പിച്ചു. ഒരേസമയം രണ്ടുപേരുമായും പ്രതി ബന്ധം പുലര്‍ത്തിയിരുന്ന കാര്യം പെണ്‍കുട്ടികള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കണ്ണൂരില്‍നിന്ന് പോത്തന്‍കോട്ടെത്തിയ പ്രതി, ആളില്ലാത്ത സമയം നോക്കി ആദ്യത്തെ കുട്ടിയുടെ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു.
ആദ്യത്തെ പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷം, ഈ കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി രണ്ടാമത്തെ പെണ്‍കുട്ടിയെക്കൂടി വിളിച്ചുവരുത്തി പ്രതി പീഡനത്തിനിരയാക്കി. കൃത്യത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ പ്രതി, ഇവരുടെ ക്ലാസിലുള്ള മൂന്നാമതൊരു പെണ്‍കുട്ടിയെക്കൂടി കുടുക്കാന്‍ ശ്രമിച്ചതോടെയാണ് ഇരുവരും തങ്ങള്‍ നേരിട്ട ദുരനുഭവം പുറത്തുപറഞ്ഞത്. തളിപ്പറമ്പില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



