
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട് ഉപയോഗിക്കാം. സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കി ഉത്തരവ് ഇറക്കി. ഒരു മണ്ഡലത്തില്‍ പരമാവധി മൂന്ന് ബസുകള്‍ വരെ വാങ്ങാം. തുക ആസ്തി വികസന ഫണ്ടില്‍ നിന്ന് ചെലവഴിക്കാം.
വാങ്ങുന്ന ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം, ഇന്ധന വിഭാഗം എന്നിവ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുമായി ആലോചിച്ചായിരിക്കും തീരുമാനിക്കുക. ബസുകള്‍ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ യാത്രാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. എംഎല്‍എമാരില്‍ നിന്ന് ഫണ്ട് ഉറപ്പാക്കുന്നതിനായി നികുതികളും രജിസ്‌ട്രേഷന്‍ ചാര്‍ജുകളും ഉള്‍പ്പെടെ ബസുകളുടെ ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബര്‍ 30നകം കെഎസ്ആര്‍ടിസി സിഎംഡി എംഎല്‍എമാര്‍ക്ക് കൈമാറണം.
ജനപ്രതിനിധികള്‍ തങ്ങളുടെ വിഹിതം അനുവദിച്ച് കൊണ്ടുള്ള നിര്‍ദേശം ഒക്ടോബര്‍ 15നകം ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണം.



