
മട്ടന്നൂർ: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്ത്രീകളായ ഹജ്ജ് തീർഥാടകർക്ക് വേണ്ടിയായിരുന്നു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നാല് വിമാനങ്ങൾ പുറപ്പെട്ടത്. ബുധനാഴ്ചത്തെ രണ്ട് വിമാനങ്ങളിലും സ്ത്രീ തീർഥാടകർ തന്നെയാണ് കൂടുതലും യാത്ര ചെയ്യാനുള്ളത്.
ബുധനാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ 171 പേരാണ് യാത്രക്കാർ. ഇതിൽ 45 പുരുഷന്മാരും 126 സ്ത്രീകളുമാണ് യാത്ര ചെയ്യുന്നത്. രാത്രി 7.30നുള്ള വിമാനത്തിൽ 39 പുരുഷന്മാരും 130 സ്ത്രീകളുമായി ആകെ 169 പേരാണ് യാത്ര ചെയ്യാനുള്ളത്.
ചൊവ്വാഴ്ച രാത്രി ആറാമത്തെ വിമാനമാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജ് തീർഥാടകരുമായി പറന്നുയർന്നത്. ഇതോടെ 1020 ഹജ്ജ് തീർഥാടകരാണ് ഇതുവരെ കണ്ണൂരിൽ നിന്ന് പുണ്യ ഭൂമിയിലേക്ക് യാത്ര തിരിച്ചത്.



