kannur

സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം; നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്യാനായി: മന്ത്രി എ പി അനില്‍കുമാര്‍

ജില്ലാതല പട്ടയമേളയില്‍ 1845 പട്ടയങ്ങള്‍ വിതരണം ചെയ്തു

കണ്ണൂര്‍:സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങള്‍ സംസ്ഥാനത്ത് വിതരണത്തിന് തയ്യാറാക്കാന്‍ കഴിഞ്ഞതായി റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. ജില്ലാതല പട്ടയ മേള കണ്ണൂര്‍ ധനലക്ഷ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകെ അയ്യായിരം പേര്‍ക്ക് പട്ടയം നല്‍കണമെന്നായിരുന്നു തുടക്കത്തിലെ ധാരണ. എന്നാല്‍ ഇത് വരെ പതിനായിരത്തിലേറെ പട്ടയങ്ങള്‍ വിതരണത്തിന് സജ്ജമാക്കാനായി. ദശാബ്ദങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന നിരവധി കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഇതിലൂടെ തുണയായത്. നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് മുപ്പത്തി അയ്യായിരത്തിലേറെ ഭൂമി തരം അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാനായെന്നും മന്ത്രി പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നീട്ടി കൊണ്ടുപോവുന്നത് ഭൂഷണമല്ല എന്ന തിരിച്ചറിവാണ് പട്ടയങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കിയത്.

ജനങ്ങളോടൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിത്. സര്‍ക്കാര്‍ ഓഫീസുകള്‍ ജന സൗഹൃദമാവണമെന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശക്തമായി ഇടപെടും. മലയോര – തീരദേശ മേഖലയിലെ മനുഷ്യര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ജനങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം- മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
അഡ്വ. ടി ഒ മോഹനന്‍ എം എ എ അധ്യക്ഷത വഹിച്ചു. കണ്ണൂരില്‍ പല സര്‍ക്കാര്‍ ഓഫീസുകളും വാടക കെട്ടിടങ്ങളിലാണെന്നും പ്രശ്ന പരിഹാരത്തിനായി പുതിയ അഡീഷണല്‍ സിവില്‍ സ്റ്റേഷന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന സര്‍ക്കാരല്ല ഇത്. തിരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ വേഗത്തില്‍ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ പി ഇന്ദിര, എംഎല്‍എമാരായ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, പി കെ പ്രവീണ്‍, അഡ്വ. സജീവ് ജോസഫ്, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ്, അസി കലക്ടര്‍ എസ് സ്വാതി, എഡിഎം കെ ബാലഗോപാലന്‍,
എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ വി ഇ ഷേര്‍ളി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 1845 പട്ടയങ്ങളാണ് ജില്ലാതല പട്ടയമേളയില്‍ വിതരണം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button