
ഇരിട്ടി: 2018ലെ പ്രളയത്തിൽ പായം പഞ്ചായത്തിൽപ്പെട്ട കൂട്ടുപുഴയിലെ പുഴയോരത്തെ പുറമ്പോക്കു ഭൂമിയിൽ നിന്നും പുനരധിവസിപ്പിച്ച 15 കുടുംബങ്ങൾക്കായി കിളിയന്തറിൽ നിർമ്മിച്ച് നൽകിയ വീടുകൾ അപകടഭീഷണിയിൽ. പതിറ്റാണ്ടുകളായി പുഴയോരത്ത് വീടും കുടിലും കെട്ടിക്കഴിഞ്ഞിരുന്ന കുടുംബങ്ങളുടെ വീടുകൾ പൂർണ്ണമായും തകർന്നിരുന്നു. ഇവരെ പുനരധിവാസിപ്പിക്കാനായി നിർമ്മിച്ച് കൈമാറിയ വീടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ അപകട ഭീഷണിയിലായത്. പുഴയോരത്തെ വീടുകൾ തകർന്നതോടെ ഏറെവർഷക്കാലം വാടകവീടുകളിലും ഷെഡ്ഡുകൾ കെട്ടിയും മറ്റുമായിരുന്നു ഈ കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. സർക്കാരിന്റെ നിർദേശ പ്രകാരം പായം പഞ്ചായത്തിലെ വിളമന വില്ലേജിൽ കിളിയന്തറയ്ക്ക് സമീപമുള്ള അഞ്ചേക്കർ റോഡിൽ സർക്കാർ ഏറ്റെടുത്ത സ്ഥലത്താണ് വീടുകൾ നിർമ്മിച്ചത്. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് കമ്പനി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് 15 വീടുകൾ നിർമിച്ച് നൽകിയത്.
രണ്ട് വർഷം മുമ്പാണ് കുടുംബങ്ങൾ ഇവിടെ താമസം തുടങ്ങിയത്. ചെങ്കുത്തായ കുന്നിനെ മൂന്ന് തട്ടുകളായി തിരിച്ചാണ് എല്ലാവീടുകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള കോൺക്രീറ്റ് റോഡുകൾ അടക്കമുള്ള വീടുകൾ നിർമിച്ചത്. ശക്തമായ മഴയിൽ ഏറ്റവും മുകളിലെ തട്ടിലുള്ള വീടുകൾക്ക് മുന്നിലാണ് ഇപ്പോൾ വലിയ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ അവിടേക്കുള്ള കോൺക്രീറ്റ് റോഡും സംരക്ഷണഭിത്തിയും താഴത്തെ തട്ടിലെ വീടുകൾക്ക് മുകളിലേക്ക് പതിക്കാവുന്ന അപകടാവസ്ഥയിലാണ്. ഇതോടെ വീണ്ടും ദുരിതത്തിലായ കുടുംബങ്ങൾ ഏറെ ഭയത്തോടെയാണ് ഇവിടെ കഴിയുന്നത്. ഒരിക്കൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഇപ്പോൾ പുനരധിവാസ കേന്ദ്രത്തിലും സുരക്ഷിതമായി താമസിക്കാൻ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. സംഭവത്തെ തുടർന്ന് പഞ്ചായത്ത്, റവന്യൂ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടസാധ്യത വിലയിരുത്തി അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരും താമസക്കാരും ആവശ്യപ്പെടുന്നത്.



