ആധാർ കേന്ദ്രങ്ങളിൽ പോയി വരിനിൽക്കേണ്ട; ഇനി വീട്ടിലിരുന്ന് ആധാർ ആപ്പ് വഴി ഇമെയിൽ ഐഡി മാറ്റാം……

“ആധാർ കാർഡിലെ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ പുതുക്കുന്നതിനായി പുതിയ സേവനവുമായി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ഇമെയിൽ ഐഡി ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യം ഇനി ‘ആധാർ ആപ്പ്’ വഴി നേരിട്ട് നടത്താം.
ആധാർ ആപ്പ് വഴി മാത്രം ലഭ്യമാകുന്ന ഈ സേവനത്തിന് ജൂലൈ ഒന്ന് മുതൽ ആറുമാസത്തേക്ക് ഫീസ് ഈടാക്കില്ല. ഇതോടെ ഇമെയിൽ ഐഡി അപ്‌ഡേറ്റ് ചെയ്യാൻ ആധാർ കേന്ദ്രങ്ങളിൽ നേരിട്ട് പോകേണ്ട ബുദ്ധിമുട്ട് ഒഴിവാകും. ആധാർ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാൻ ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം വ്യക്തമാക്കി.
പുതിയ സേവനം ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷത്തിലധികം ആളുകൾ ഇമെയിൽ വിലാസം ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞു. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ആധാർ ആപ്പിന്റെ പുതിയ പതിപ്പ് ലഭ്യമാണ്.
ഇമെയിൽ ഐഡി ആധാറുമായി ലിങ്ക് ചെയ്യുന്നതിലൂടെ, ആധാർ ഓതന്റിക്കേഷൻ നടക്കുന്ന സമയത്ത് ഉപയോക്താക്കൾക്ക് തത്സമയം ഇമെയിൽ അറിയിപ്പുകൾ (അലേർട്ടുകൾ) ലഭിക്കും. ഇത് സുരക്ഷ വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ മൊബൈൽ നമ്പർ മാറ്റം, വിലാസം തിരുത്തൽ തുടങ്ങിയ സേവനങ്ങളും ആപ്പ് വഴി നേരിട്ട് നടത്താം”.



