
മട്ടന്നൂർ: ഹജ്ജ് ക്യാമ്പിലെ മാലിന്യ നിർമാർജനത്തിനും ശുചിത്വ പദ്ധതിക്കും രാപകൽ വ്യത്യാസമില്ലാതെ കഠിനപ്രയത്നത്തിലാണ് ഒരു കൂട്ടം സേവകർ. കണ്ണൂർ വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിൽ എത്തുന്ന ഹാജിമാരും മറ്റും ഉപേക്ഷിക്കുന്ന ജൈവ-അജൈവമാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിന് നവമാതൃക സൃഷ്ടിക്കുകയാണ് അധികൃതർ. പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കുന്നതിന് ബോട്ടിൽ ബൂത്തുകളും, ഫുഡ് വെയിസ്റ്റ് , പേപ്പർ എന്നിവ ശേഖരിക്കുവാൻ പ്രത്യേകം ബോക്സുകളും വെച്ചിട്ടുണ്ട്. മട്ടന്നൂർ നഗരസഭയുടെയും കീഴല്ലൂർ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിലായി പെട്ടികൾ സ്ഥാപിച്ചിരിക്കുന്നത്. ഹജ്ജ് ക്യാമ്പ് നടക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ ദിവസേന ആയിരങ്ങളാണ് എത്തുന്നത്. ഇതിന്റെ ഭാഗമായി ശുചിത്വ പരിപാലനും വളരെ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുവാനുള്ള കഠിനശ്രമത്തിലാണിവർ. ഇവിടെ ശേഖരിക്കുന്നതും അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളും അപ്പപ്പോൾ തന്നെ നീക്കം ചെയ്യുകയാണ്. തദ്ദേശ സ്വയം ഭരണ വകുപ്പ് -ശുചിത്വ മിഷന്റെ കീഴിലാണ് സമ്പൂർണ മാലിന്യ നിർമാർജനം നടക്കുന്നത്.



