
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പീക് അവറിൽ 800 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്. രാത്രി ഒമ്പത് മണിക്ക് ശേഷവും ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമുണ്ടായി. പകരം കരാർ അടിസ്ഥാനത്തിൽ വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടർന്നേക്കും.
300 മെഗാവാട്ട് വൈദ്യുതി കടം വാങ്ങിയിരുന്ന കരാർ അവസാനിച്ചതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ. എന്നാൽ വൈദ്യുതി ലഭ്യതയിൽ ഇപ്പോഴും കുറവ് തുടരുന്നതായാണ് കഴിഞ്ഞ ദിവസത്തെ നിയന്ത്രണം വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രിയിൽ ഒന്നിലധികം തവണ വൈദ്യുതി മുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ചൂട് വർധിക്കുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്യുന്നത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരാൻ കാരണമായിട്ടുണ്ട്.
സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ടെത്തി ചർച്ചകൾ നടത്തിയിട്ടും ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിസന്ധി തുടരുന്നതിനിടെ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്ന വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. വൈദ്യുതി നിയന്ത്രണം തുടർന്നാൽ വരും ദിവസങ്ങളിലും ഉപഭോക്താക്കൾക്ക് പ്രതിസന്ധി നേരിടേണ്ടിവരും.



