കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു; പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ

കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറുന്നു. ജില്ലാ പൊലീസ് ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിലാണ് ഇനിമുതൽ കമ്മീഷണറേറ്റ് പ്രവർത്തിക്കുകയെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബിവി വിജയ ഭരത് റെഡ്‌ഡി അറിയിച്ചു.
നിലവിൽ കണ്ണൂർ കലക്ടറേറ്റ് വളപ്പിലെ വിവിധ കെട്ടിടങ്ങളിലാണ് കമ്മീഷണറേറ്റും അനുബന്ധ പൊലീസ് ഓഫീസുകളും പ്രവർത്തിച്ചുപോരുന്നത്. പുതിയ മന്ദിരം യാഥാർത്ഥ്യമാകുന്നതോടെ കലക്ടറേറ്റ് വളപ്പിൽ ചിതറിക്കിടക്കുന്ന പൊലീസ് വകുപ്പിന്റെ എല്ലാ അനുബന്ധ ഓഫീസുകളും ഇവിടേക്ക് കേന്ദ്രീകരിക്കും. വിവിധ ഓഫീസുകളുടെ പ്രവർത്തനം ഒറ്റക്കുടക്കീഴിലാകുന്നതോടെ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



