kannur

ചാല്‍ ബീച്ചില്‍ സുനാമി മോക് ഡ്രില്‍ സംഘടിപ്പിച്ചു

സുനാമി പ്രതിരോധ തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ന് രാവിലെ അഴീക്കോട് ചാല്‍ ബീച്ചില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സുനാമി മോക്ഡ്രില്‍ സംഘടിപ്പിച്ചു. ദുരന്തസാഹചര്യത്തെ നേരിടാന്‍ ജില്ല എത്രമാത്രം സജ്ജമാണെന്ന് പരിശോധിക്കുന്നതിനും എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കുന്നതിനും വേണ്ടിയായിരുന്നു മോക്ഡ്രില്‍.

രാവിലെ 9.30 ഓടെയായിരുന്നു മോക്ഡ്രില്ലിന്റെ തുടക്കം. പ്രദേശവാസികള്‍ക്ക് സുനാമി മുന്നറിയിപ്പ് നല്‍കിക്കൊണ്ട് സൈറണ്‍ മുഴങ്ങിയതോടെ ദുരന്തത്തെ നേരിടാനുള്ള സംവിധാനങ്ങള്‍ ഓരോന്നോരോന്നായി രംഗത്തെത്തി. തീരപ്രദേശത്തെ 50 ഓളം പേരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചു ആദ്യഘട്ടത്തില്‍ സമീപത്തുള്ള ഇ.എം.എസ് മന്ദിരത്തിലേക്കും അവിടെ നിന്ന് ഗവ. ഓള്‍ഡ്ഏജ് ഹോമിലെ ഷെല്‍ട്ടര്‍ ക്യാമ്പിലേക്കും മാറ്റുകയായിരുന്നു ലക്ഷ്യം.

സൈറണ്‍ മുഴങ്ങിയതോടെ അഗ്‌നി രക്ഷാസേനയുടെയും പോലീസിന്റെയും മറ്റും വാഹനങ്ങളും ആംബുലന്‍സുകളും കടത്തീരത്തേക്ക് പാഞ്ഞെത്തി. അടിയന്തര സന്നാഹങ്ങള്‍ കണ്ട് പ്രദേശവാസികള്‍ തെല്ലൊന്നമ്പരന്നു. ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് അമ്പതോളം കുടുംബങ്ങളെയും സുരക്ഷിത സ്ഥനത്തേക്ക് മാറ്റിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, കിടപ്പ് രോഗികള്‍ തുടങ്ങിയവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ആംബുലന്‍സുകളില്‍ ഇവരെ ഇ.എം.എസ് മന്ദിരത്തിലെത്തിച്ച ശേഷം ആവശ്യക്കാര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് ഓള്‍ഡേജ് ഹോമിലേക്കും ഏതാനും പേരെ ആശുപത്രിയിലേക്കും മാറ്റിയത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശാനുസരണം നടന്ന റെഡി സുനാമി മോക് ഡ്രില്‍ ദുരന്ത പ്രതികരണ മുന്നൊരുക്കത്തിന്റെ മാതൃകയായി മാറി. റവന്യു, അഗ്‌നിരക്ഷാ സേന, പോലീസ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളും സന്നദ്ധ പ്രവര്‍ത്തകരും മോക്ഡ്രില്ലിന്റെ ഭാഗമായി. ഏറ്റവും വേഗത്തിലും കരുതലോയടെയും ദുരന്ത മുഖത്ത് കാര്യക്ഷമമായി ഇടപെടുന്നതിന്റെ പരിശോധന കൂടിയായിരുന്നു മോക് ഡ്രില്‍. പ്രദേശവാസികളില്‍ നിന്നും നല്ല സഹകരണമാണ് മോക്ഡ്രില്ലിന് ലഭിച്ചത്.

12 മണിയോടെ മോക് ഡ്രില്‍ അവസാനിച്ച ശേഷം, അതിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചുള്ള അവലോകനവും വിലയിരുത്തലും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button