
കണ്ണൂർ: കർക്കിടക വാവ് ദിനത്തിൽ പിതൃക്കളുടെ സ്മരണ പുതുക്കി കണ്ണൂർ ജില്ലയിലെ വിവിധ പുണ്യതീർത്ഥങ്ങളിലും ക്ഷേത്രങ്ങളിലും ജനസാഗരം ബലിതർപ്പണം നടത്തി. കടൽത്തീരങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രത്യേകം തയ്യാറാക്കിയ സ്നാനഘട്ടങ്ങളിലും അതിരാവിലെ മുതൽ ഭക്തജനങ്ങളുടെ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെ അഞ്ചുമണി മുതൽ പയ്യാമ്പലം, മുഴപ്പിലങ്ങാട്, തോട്ടട, തലായി, തലശേരി കടപ്പുറങ്ങളിൽ ബലിതർപ്പണത്തിനായി ആയിരക്കണക്കിന് ആളുകൾ എത്തിച്ചേർന്നു. സേവാഭാരതി, ഐ.ആർ.പി.സി, ടെംപിൾ കോർഡിനേഷൻ കമ്മിറ്റി തുടങ്ങിയ വിവിധ സാമൂഹിക-ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ ഭക്തർക്കായി കുടിവെള്ളം, ലഘുഭക്ഷണം, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിരുന്നു. പയ്യാമ്പലത്ത് അതിരാവിലെ മുതൽ ബലികർമ്മങ്ങൾക്കായി ഭക്തരുടെ നീണ്ട നിര ദൃശ്യമായിരുന്നു. തീരദേശ മേഖലകളിൽ ഉണ്ടാകാനിടയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ പോലീസ് സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.News
ഇരിട്ടിയിൽ കീഴൂർ മഹാദേവ – മഹാവിഷ്ണു ക്ഷേത്രസമിതികളുടെ നേതൃത്വത്തിൽ ബാവലിപ്പുഴക്കരയിൽ പുലർച്ചെ അഞ്ചുമണിയോടെ തർപ്പണ ചടങ്ങുകൾ ആരംഭിച്ചു. മട്ടന്നൂരിൽ സമസ്ത കേരള വാര്യർ സമാജത്തിന്റെ നേതൃത്വത്തിൽ കല്ലൂർ ഐക്കുളത്തും, കീഴല്ലൂർ മഹാദേവ ക്ഷേത്രത്തിലും നൂറുകണക്കിന് ആളുകൾ പിതൃതർപ്പണ ചടങ്ങുകളുടെ ഭാഗമായി. പയ്യാവൂർ വാസവപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മൂർത്തിക്കടവ് സ്നാനഘട്ടത്തിലും വെളിയമ്പ്ര കാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ അനന്തൻ കടവിലും പിതൃതർപ്പണം നടന്നു.
കണ്ണൂർ കോർപറേഷൻ പരിധിയിലെ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, ചൊവ്വ ശിവക്ഷേത്രം, ആദികടലായി ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണത്തിനായി വലിയ തിരക്ക് അനുഭവപ്പെട്ടു. തലശ്ശേരി തൃക്കൈ ശിവക്ഷേത്രത്തിന്റെയും തലായി ബാലഗോപാല സേവാകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ തലായി കടപ്പുറത്ത് നടന്ന ചടങ്ങുകളിൽ രാവിലെ ആറുമണി മുതൽ പതിനൊന്ന് മണി വരെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഇതിനുപുറമെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ തിലഹവനം, പ്രതിമാസങ്കൽപ്പം, ക്ഷേത്രപിണ്ഡം തുടങ്ങിയ പിതൃകർമ്മങ്ങളും ഭക്തർ പൂർത്തിയാക്കി.
തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രം, പാനൂർ അണിയാരം ശിവക്ഷേത്രത്തിലെ ആറാട്ട് ചിറക്കടവ്, പൂക്കോം പോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിലെ മാനസസരോവർ തീർത്ഥസ്ഥാനം എന്നിവിടങ്ങളിലും വിപുലമായ രീതിയിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു. ഇരിട്ടിയിൽ കീഴൂർ മഹാദേവ – മഹാവിഷ്ണു ക്ഷേത്രസമിതികളുടെ നേതൃത്വത്തിൽ ബാവലിപ്പുഴക്കരയിൽ പുലർച്ചെ അഞ്ചുമണിയോടെ തർപ്പണ ചടങ്ങുകൾ ആരംഭിച്ചു. മട്ടന്നൂരിൽ സമസ്ത കേരള വാര്യർ സമാജത്തിന്റെ നേതൃത്വത്തിൽ കല്ലൂർ ഐക്കുളത്തും, കീഴല്ലൂർ മഹാദേവ ക്ഷേത്രത്തിലും നൂറുകണക്കിന് ആളുകൾ പിതൃതർപ്പണ ചടങ്ങുകളുടെ ഭാഗമായി. പയ്യാവൂർ വാസവപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മൂർത്തിക്കടവ് സ്നാനഘട്ടത്തിലും വെളിയമ്പ്ര കാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ അനന്തൻ കടവിലും പിതൃതർപ്പണം നടന്നു.



