
കണ്ണൂര്‍: 2025 നവംബര്‍ 27 മുതല്‍ 2026 ആഗസ്റ്റ് 5 വരെയുള്ള കാലയളവില്‍ ജില്ലയില്‍ എക്‌സൈസ് പിടികൂടിയത് 7000 ലിറ്റര്‍ സ്പിരിറ്റും 209 ലിറ്റര്‍ വ്യാജ ചാരായവും 14175 ലിറ്റര്‍ വാഷും. 3412 കോട്പ കേസുകളിലായി 6.81 ലക്ഷം രൂപ പിഴ ഈടാക്കി.
ഈ കാലയളവില്‍ 8068 റെയ്ഡുകളും 220 സംയുക്ത റെയ്ഡുകളും നടത്തി. 1086 പേരെ അബ്കാരി കേസുകളില്‍ പ്രതി ചേര്‍ക്കുകയും 949 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നര്‍കോട്ടിക് കേസുകളില്‍ 570 പേരെ പ്രതി ചേര്‍ത്തതില്‍ 559 പേര്‍ അറസ്റ്റിലായി. 56 വാഹനങ്ങള്‍ കണ്ടുകെട്ടി.
ഈ കാലയളവില്‍ 94.544 കിലോ കഞ്ചാവും 22 കഞ്ചാവ് ചെടികളും പിടികൂടി. ഹെറോയിന്‍ (9.3 ഗ്രാം), ബ്രൗണ്‍ഷുഗര്‍ (17.57 ഗ്രാം), ഹാഷിഷ് (5.60 ഗ്രാം), ഹാഷിഷ് ഓയില്‍ 623 ഗ്രാം), എം.ഡി.എം.എ (83.5 ഗ്രാം), മെത്താഫിറ്റമിന്‍ (257.3 ഗ്രാം), എല്‍.എസ്.ഡി (0.015 ഗ്രാം), നൈട്രാസെപാം (7.5 ഗ്രാം) എന്നിങ്ങനെയാണ് പിടികൂടിയ രാസലഹരിയുടെ കണക്ക്. 1103 പേരെ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ ഒ.പി വിഭാഗത്തില്‍ ചികിത്സിക്കുകയും 56 പേരെ കിടത്തി ചികില്‍സിക്കുകയും ചെയ്തു.
വിമുക്തിയുടെ ബാനറില്‍ 386 ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി.
വ്യാജമദ്യവും അനധികൃത മദ്യക്കടത്തും തടയാനായി രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റിയുടെ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി കെ.വി അധ്യക്ഷത വഹിച്ചു.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സുലേഖ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി സരള, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്, കതിരൂര്‍ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് സുജയ പി.പി, മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കനകം ടി.കെ, പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീപ് കുമാര്‍, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ജോസഫ്, ബ്ലോക്ക് അംഗം ദീപ ഗിരീഷ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ശ്രീനിവാസന്‍ ടി.എം, തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



