
മഴക്കെടുതികള്‍ക്കൊപ്പം സംസ്ഥാനം പനിക്കിടക്കയിലും. സംസ്ഥാനത്ത് ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണം ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് ദിവസത്തിനിടെ 302 പേര്‍ക്കാണ് രോഗബാധ. എച്ച്1എന്‍1 കേസുകളും ഉയരുകയാണ്.
പനി, ശരീരവേദന, ജലദോഷം- സാധാരണ പനിയാണെന്ന് കരുതി ഒഴിയരുത്. സംസ്ഥാനത്തെ ഇന്‍ഫ്‌ലുവന്‍സ്, അഥവാ ഫ്‌ലൂ കേസുകള്‍ ഉയരുകയാണ്. ഇന്നലെ മാത്രം 115 രോഗികളാണ് ചികിത്സ തേടിയത്. നാല് ദിവസത്തിനിടെ 3 മരണം റിപ്പോര്‍ട്ട് ചെയ്തു. ജൂലൈയില്‍ 2899 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 31 മരണം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ ആകെ 70 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്‍ഫ്‌ലുവന്‍സ എ വിഭാഗത്തില്‍പ്പെടുന്ന H1N1 കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ജൂലൈ വരെയുള്ള കണക്ക് പ്രകാരം 2771 പേര്‍ക്ക് H1N1 സ്ഥിരീകരിച്ചു. 42 H1N1 മരണവും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇന്‍ഫ്‌ലുവന്‍സ കണക്കുകള്‍. എറണാകുളത്താണ് കൂടുതല്‍ രോഗികള്‍. തിരുവനന്തപുരവും കോഴിക്കോടും നഗരമേഖലകളില്‍ രോഗബാധ കൂടുന്നുണ്ട്. കാലാവസ്ഥ മാറ്റവും, തിരക്കറേയിതുമെല്ലാം രോഗപകര്‍ച്ചയ്ക്ക് കാരണമാകാം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
അന്തരീക്ഷ ഈര്‍പ്പം കൂടിയതിനാല്‍ കൂടുതല്‍ സമയം വൈറസ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു. സ്‌കൂള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുമ്പോള്‍ വൈറസ് വേഗത്തില്‍ പകരുന്നു. കണക്കുയരാന്‍ കാരണമിതെന്നാണ് വിദഗ്ധാഭിപ്രായം. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ മാസ്‌ക് ഉപയോഗിക്കുന്നതും, ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ വേഗം ചികിത്സ തേടുന്നതും ഉറപ്പാക്കണം. ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ക്കൊപ്പം, ഡെങ്കി, എലിപ്പനി രോഗികളുടെ എണ്ണത്തിലും കുറവില്ല. പ്രതിദിന ഡെങ്കിരോഗികളുടെ എണ്ണം 100ന് അടുത്താണ്. വെള്ളപ്പൊക്കത്തില്‍ നിന്ന് കരകയറുമ്പോള്‍ എലിപ്പനി രോഗികളുടെ എണ്ണം ഉയരാനുള്ള സാധ്യത മുന്നിലുണ്ട്. തിരിച്ചറിയാന്‍ വൈകിയാല്‍ എലിപ്പനി ജീവനെടുക്കും. പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കുന്നതും നേരത്തെ ചികിത്സതേടുന്നതും എലിപ്പനി പ്രതിരോധത്തില്‍ പ്രധാനമാണ്.



