Kerala

പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബിൽ നിയമമായി

പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ബിൽ ഇതോടെ നിയമമായി. ലോക്സഭയിലും രാജ്യസഭയിലും ശബ്ദ വോട്ടോടെയായിരുന്നു ബില്ല് പാസായിരുന്നത്. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് നിമയത്തിന്റെ ലക്ഷ്യം. ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉൾപ്പെട്ടവർക്കെതിരെ കൂടുതൽ കർശന ശിക്ഷ ഉറപ്പാക്കും.

നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ ദിവസേന വിചാരണ നടത്തി കേസ് തീർപ്പാക്കണം. പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വിധികൾക്കെതിരായ അപ്പീലുകൾ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് പരിഗണിക്കുകയും, അപ്പീൽ സ്വീകരിച്ച ശേഷം മൂന്ന് മാസത്തിനകം തീർപ്പാക്കുകയും വേണം.


സംഘടിത ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് കുറഞ്ഞ തടവുശിക്ഷ 5 വർഷത്തിൽ നിന്ന് 7 വർഷമായി ഉയർത്തി.പരമാവധി പിഴ 1 കോടിയിൽ നിന്ന് 10 കോടിയായി വർധിപ്പിക്കും. വ്യക്തികൾക്കുള്ള ശിക്ഷകൾ കൂടുതൽ കർശനമായിരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്ക് കുറഞ്ഞ തടവുശിക്ഷ 3 വർഷത്തിൽ നിന്ന് 5 വർഷമായി ഉയർത്തും. പരമാവധി തടവുശിക്ഷ 5 വർഷത്തിൽ നിന്ന് 10 വർഷമായി വർധിപ്പിക്കും. പരമാവധി പിഴ 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉയർത്തുന്നതാണ് നിയമം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button