
മയ്യിൽ : കനത്ത മഴയിൽ മയ്യിൽ പോലീസ് സ്റ്റേഷൻ കെട്ടിടം ഭാഗികമായി തകർന്നുവീണു. സ്റ്റേഷന്റെ പിറകുവശത്തെ ഓടും കഴുക്കോലുമാണ് അടർന്നിളകിവീണത്. ഓടുമേഞ്ഞ പട്ടികയും കഴുക്കോലും ചിതലരിച്ച് നശിച്ചനിലയിലാണുള്ളത്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. തുടർന്ന് വലിയ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി സംരക്ഷിക്കുകയാണിപ്പോൾ. യാതൊരുവിധ അടിസ്ഥാനസൗകര്യവുമില്ലാത്ത കെട്ടിടത്തിൽ അമ്പതിലധികം ഉദ്യോഗസ്ഥരാണ് ജോലിചെയ്യുന്നത്.
16 വർഷം മുമ്പ് പഴയ ഇരുനില ഓടിട്ട വീട് വാടകക്കെടുത്ത് പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചുവരികയാണിവിടെ. 16 വർഷമായി യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്താതെയാണ് കെട്ടിടമുള്ളത്.
മേൽക്കൂരയും വരാന്തയും ടാർപൊളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് ഇപ്പോൾ കെട്ടിടം സംരക്ഷിക്കുന്നത്. ഒരുവർഷം മുൻപ് പുതുതായി സ്ഥലവും നിർമാണാനുമതിയും മറ്റും ലഭിച്ചുണ്ടെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല.
അഞ്ച് പഞ്ചായത്തുകളുടെ പ്രവർത്തനപരിധിയുള്ള മയ്യിൽ പോലീസ് സ്റ്റേഷനിൽനിന്ന് അസൗകര്യങ്ങൾ മൂലം ലോക്കപ്പ് പ്രതി ചാടിപ്പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കെട്ടിടം നിർമിക്കാൻ അനുവദിച്ച സ്ഥലം കാടുകയറിയനിലയിലാണുള്ളത്.



