!-- afp header code starts here -->
Kerala

വാഹനങ്ങളിലെ ചക്രങ്ങള്‍ ഊരി തെറിച്ചും പൊട്ടിയും ഉണ്ടാകുന്ന അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം

വാഹനങ്ങളുടെ അമിത വേഗം പലപ്പോഴും ആപത്തിലേക്കേ നയിച്ചിട്ടുള്ളൂ. ഇത്തരത്തില്‍ നിരവധി അപകടങ്ങളാണ് ദിനംപ്രതി നമുക്ക് ചുറ്റും നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയും സഹോദരനും കാറപകടത്തില്‍ മരിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് തീപിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു. താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ചും പ്രതിരോധമാകണം നിരത്തില്‍ എന്ന ആശയം ചൂണ്ടിക്കാട്ടിയും കേരള മോട്ടോര്‍ വാഹന വകുപ്പ് സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പും പങ്കുവച്ചു. ഉയര്‍ന്ന വേഗത്തില്‍ ഓടുന്ന വാഹനങ്ങളില്‍ ചെറിയ പിഴവുകള്‍ പോലും വലിയ അപകടത്തിലേക്ക് നയിക്കാമെന്നും എംവിഡി പോസ്റ്റില്‍ പറയുന്നു.

അമിതവേഗം ആപത്ത്

നിരത്തുകളിലൂടെ വാഹനമോടിക്കുമ്പോള്‍ ചെറിയ അശ്രദ്ധ വരെ ജീവന് ഭീഷണി ആയേക്കാം. അമിത വേഗത്തില്‍ വണ്ടി ഓടിക്കുമ്പോള്‍ പെട്ടെന്ന് നിയന്ത്രണം നഷ്ടമാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നതും മദ്യപിച്ച് വാഹനമോടിക്കുന്നതുമെല്ലാം അപകടത്തിനേ ഇടയാക്കുള്ളൂ. ചീറിപ്പാഞ്ഞു പോകുന്നതിനു പകരം മിതമായ വേഗത്തില്‍ മുന്നിലുള്ള വാഹനവുമായി ഒരു നിശ്ചിത ദൂരത്തില്‍ വാഹനമോടിച്ചാല്‍ അത്രയും നല്ലത്. പ്രത്യേകിച്ചും മഴ പെയ്യുന്ന സമയം അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്, ഈ സമയം അമിത വേഗം തന്നെ കാരണമാകണമെന്നും ഇല്ല.

വാഹനങ്ങളിലെ ചക്രങ്ങള്‍ ഊരി തെറിച്ചും പൊട്ടിയും എല്ലാം അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

വാഹനങ്ങളുടെ വീലുകള്‍ മുറുക്കുന്ന വീല്‍ നട്ട് ടൈറ്റ് ആണെന്ന് ഇടക്കിടയ്ക്ക് നോക്കി ഉറപ്പു വരുത്തേണ്ടതാണ്. ഇനി അഥവാ നട്ടുകള്‍ക്ക് തകരാര്‍ സംഭവിക്കുകയാണെങ്കില്‍ അതിന് സമാനമായ നട്ടുകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വേറെ വാഹനത്തിനു വേണ്ടി തയാറാക്കിയ നട്ടുകള്‍ മാറ്റിയിടുന്നത് ഒഴിവാക്കുക. വാഹനത്തിന്റെ ടയര്‍ മാറ്റാന്‍ സമയമായിട്ടുണ്ടെങ്കില്‍ അധികം വൈകിപ്പിക്കാതെ അത് മാറ്റുക. തേഞ്ഞ ടയര്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നത് അപകടം വിളിച്ചുവരുത്തുന്നതു പോലെയാണ്. ഇത്തരം വാഹനങ്ങളുമായി റോഡിലേക്കിറങ്ങുമ്പോള്‍ , നനഞ്ഞ റോഡാണെങ്കില്‍ റോഡിന്റെ ഗ്രിപ്പ് കുറയും. ഇത് വാഹനത്തിന്റെ സ്റ്റോപ്പിങ് ഡിസ്റ്റന്‍സ് വര്‍ധിപ്പിക്കുകയും വാഹനം തെന്നി മാറാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.

തേയ്മാനമുള്ള ടയറുകള്‍ പെട്ടെന്ന് പൊട്ടാനും സാധ്യത കൂടുതലാണ്. അപ്പോള്‍ ഉയര്‍ന്ന വേഗത്തില്‍ വാഹനം ഓടുകയും ടയര്‍ പൊട്ടുകയും ചെയ്താല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം ഉണ്ടാവുകയും ചെയ്യും. ഇതുമാത്രമല്ല തേഞ്ഞ ടയറുകള്‍ ഉപയോഗിക്കുമ്പോള്‍ നിയന്ത്രിക്കാനും ബുദ്ധിമുട്ടുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളിലും അല്ലാതെയും വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ വിചാരിച്ചതിലും കുറച്ചധികം ദൂരം സഞ്ചരിച്ച ശേഷമാകും വാഹനം നില്‍ക്കുക. ഇത് വളരെ അപകടമാണ്.

മദ്യപിച്ച് വാഹനമോടിക്കുന്നത് ഓടിക്കുന്നയാളുടെ ഏകാഗ്രത കുറയ്ക്കും. നമ്മള്‍ ഒരു കാര്യം വിചാരിച്ചാലും, തലച്ചോറ് നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ച് പ്രതികരിക്കാന്‍ കൈകാലുകള്‍ കൂടുതല്‍ സമയം എടുക്കും. മദ്യത്തിന് പുറമേ, പല മരുന്നുകള്‍ കഴിക്കുന്നതും നിങ്ങളുടെ ഡ്രൈവിങ്ങിനെ ബാധിച്ചേക്കാം.

നമ്മള്‍ ശ്രദ്ധിച്ചാലും റോഡിലെ കുഴികള്‍ അപകടം വരുത്തും. എന്നാലും അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ കുഴിയില്‍ പെട്ടാല്‍ വലിയ അപകടമാകും സംഭവിക്കുക. അതുപോലെ റോഡിന് കുറുകെ ചാടുന്ന മൃഗങ്ങളും യാത്രക്കാരെ സംബന്ധിച്ച് വലിയ തലവേദനയാണ്. പതുക്കെ പോയാല്‍ വണ്ടി നിര്‍ത്താനെങ്കിലും സാധിക്കും. ട്രാഫിക് സിഗ്‌നലുകള്‍ കൃത്യമായി പാലിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button