kannur

നാളെ ഹർത്താലിന് യുഡിഎഫ് ആഹ്വാനം

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ആറളം പഞ്ചായത്തിൽ തിങ്കളാഴ്ച രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ജില്ലാ കളക്ടർ വരാതെ മൃതദേഹങ്ങൾ മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. സണ്ണി ജോസഫ് എംഎൽഎ ഇടപെട്ടിട്ടും നാട്ടുകാരുടെ പ്രതിഷേധത്തിന് പരിഹാരമായില്ല.

ദമ്പതികളെ കൊലപ്പെടുത്തിയ കാട്ടാനയെ വെടിവെച്ച് കൊല്ലണമെന്ന് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. മനുഷ്യനെക്കൊല്ലുന്ന ആനയെ വെടിവെച്ചു കൊല്ലാൻ വനം മന്ത്രി ഉത്തരവിടണം. നാട്ടുകാർ സമാധാനത്തിലേക്ക് വരുന്നില്ല. ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേഖലയിൽ ആനമതിലിൻ്റെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണെന്നും ശേഷം സണ്ണി ജോസഫ് എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ഉണ്ടായ കാട്ടാന ആക്രമണത്തിൽ 13-ാം ബ്ലോക്കിലെ വെള്ളി (80), ഭാര്യ ലീല (75) എന്നിവരാണ് കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിച്ച് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇരുവരുടെയും മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനുള്ള അധികൃതർ തടഞ്ഞു. മൃതദേഹങ്ങൾ രണ്ട് ആംബുലൻസുകളിലേക്ക് കയറ്റിയെങ്കിലും പ്രതിഷേധം തുടരുന്ന നാട്ടുകാർ ആംബുലൻസുകൾ കടത്തിവിടാൻ തയ്യാറല്ല. ജില്ലാ കളക്ടർ നേരിട്ടെത്തി ശാശ്വത പരിഹാരം സംബന്ധിച്ച് ഉറപ്പുനൽകിയാൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button