ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം ; വഖഫ് ഭേദഗതി, കുടിയേറ്റ ബില്ലുകള്‍ പരിഗണിക്കും
ന്യൂഡല്‍ഹി: വഖഫ് (ഭേദഗതി) ബില്ലും മറ്റു മൂന്നു പുതിയ കരട് നിയമങ്ങളും ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പരിഗണിക്കും. വഖഫ് ഭേദഗതി ബില്‍ പരിശോധിച്ച പാര്‍ലമെന്റിന്റെ സംയുക്ത സമിതി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതോടെ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബില്ലില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അവസരം ലഭിക്കും. വഖഫ് ഭേദഗതി ബില്ലിനൊപ്പം മുസ്സല്‍മാന്‍ വഖഫ് (റദ്ദുചെയ്യല്‍) ബില്ലും അവതരിപ്പിച്ചു. ‘വിമാന വസ്തുക്കളുടെ സംരക്ഷണ ബില്‍, ‘ത്രിഭുവന്‍ സഹകാരി സര്‍വകലാശാല ബില്‍’, ‘ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍’ എന്നിവയും ഇൗ സമ്മേളനത്തില്‍ പരിഗണിക്കും.
കഴിഞ്ഞ സെഷന്‍ മുതല്‍ ഇരുസഭകളിലും 10 ബില്ലുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇന്ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തുകൊണ്ടാണ് സമ്മേളനം ആരംഭിക്കുന്നത്. നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും. രണ്ടാംഘട്ടം മാര്‍ച്ച് 10 നു തുടങ്ങി ഏപ്രില്‍ 4 ന് സമാപിക്കും.