GULF

താമസവിസ നിയമലംഘനം; കുവൈത്തില്‍ നിന്ന് ഈ വര്‍ഷം നാടുകടത്തിയത് 21,190 പ്രവാസികളെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷം തുടക്കം മുതല്‍ താമസകാര്യ വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തത് 21,190 നിയമലംഘകരായ പ്രവാസികളെ. ഇവരെ എല്ലാവരെയും രാജ്യത്ത് നിന്ന് നാടുകടത്തി. താമസ, തൊഴിൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികൾ തുടരുകയാണ്. 11,970 പേർ പിഴ നൽകി രാജ്യത്ത് തുടരാനുള്ള രേഖകൾ നിയമപരമാക്കി. വിസ കൃത്രിമത്വവും ലംഘനങ്ങളും ചെറുക്കുന്നതിന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശന നടപടി തുടരുമെന്നും അറിയിച്ചു.

പണം വാങ്ങി റസിഡൻസി പെര്‍മിറ്റുകള്‍ നല്‍കിയതായി കണ്ടെത്തിയ 59 ക്രിമിനൽ കേസുകളിലും ഈ വർഷം നടപടി സ്വീകരിച്ചു. വ്യാജ കമ്പനികളുടെ പേരിലുള്ള ഇത്തരം തട്ടിപ്പുകളിൽ വ്യാജരേഖ നിർമാണം, കൃത്രിമം എന്നിവ നടത്തിയ സ്ഥാപന ഉടമകളും പ്രതിനിധികളും പിടിയിലായി. നിയമവിരുദ്ധമായി റസിഡൻസി പെർമിറ്റ് നേടിയ സംഭവത്തിൽ വ്യക്തികളും കമ്പനികളും ഉൾപ്പെട്ട 506 കേസുകളും രജിസ്റ്റർ ചെയ്തു.

ജൂൺ 30ന് മൂന്നുമാസത്തെ പൊതുമാപ്പ് അവസാനിച്ചതോടെ താമസ, തൊഴിൽ നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് കർശന പരിശോധനകൾ നടന്നുവരികയാണ്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന. ആറ് ഗവർണറേറ്റുകളിലും ശക്തമായ പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button