ശബരിമലയിൽ വൈദ്യുതി മുടങ്ങിയത് ഇടിമിന്നലേറ്റ്; തുലാമാസത്തിൽ പ്രതീക്ഷിച്ചതിനേക്കാള്‍ ആളുകള്‍ എത്തിയെന്ന് ദേവസ്വം
തിരുവനന്തപുരം: ശബരിമലയിൽ തുലാ മാസ പൂജക്കായി നട തുറന്നപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാൾ ആളുകളാണ് ഇത്തവണ എത്തിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ചെറിയ പ്രശ്നങ്ങളുണ്ടായെന്നും കാനന ക്ഷേത്രമായതിനാൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളില്‍ പരിമിതിയുണ്ടെന്നും ചെറിയ ചെറിയ കാര്യങ്ങളെ പര്‍വതീകരിച്ച് നൽകുന്നത് മണ്ഡലകാലത്തെ ബാധിക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു. വെള്ളിയാഴ്ചയും ശനിയാവ്ചയും 55,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ദര്‍ശനം നടത്തിയിരുന്നു. പടി പൂജയും ഉദയാസ്തമയ പൂജയും നടന്നതിനാൽ കൂടുതൽ സമയം വേണ്ടിവന്നു.
അതിനാൽ കുറച്ചധികം നേരം ഭക്തര്‍ക്ക് കാത്തുനില്‍ക്കേണ്ടിവന്നിട്ടുണ്ട്. വനത്താൽ ചുറ്റപ്പെട്ട ക്ഷേത്രത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും കുറവുകളും അല്‍പം പ്രശ്നങ്ങളും ഉണ്ടാകാമെന്നും ചെറിയ പ്രശ്നങ്ങള്‍ പോലും വലുതായി കാണിക്കരുതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിൽ ഇടിമിന്നലേറ്റാണ് വൈദ്യുതി ബന്ധം നിലച്ചത്. സംഭവം നടന്ന് 45 മിനുട്ടിനുള്ളിൽ പ്രശ്നം പരിഹരിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ വഴിയും അതില്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കും. ശബരിമലയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും ദര്‍ശനം ലഭിക്കും. സ്പോട്ട് ബുക്കിംഗ് ഇല്ലെന്നായിരുന്നല്ലോ പരാതി. അതും ഇപ്പോള്‍ പരിഹരിച്ചുവെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.