കണ്ണൂർ വിമാനത്താവളത്തിലെത്തിയ വിമാനത്തിലെ ടോയ്ലറ്റിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിലെത്തിയ വിമാനത്തിലെ ടോയ്ലറ്റിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 70 ലക്ഷം രൂപ വരുന്ന 891 ഗ്രാം സ്വർണമാണ് കണ്ണൂർ ഡിആർഐ സംഘം കണ്ടെടുത്തത്.വെള്ളിയാഴ്ച രാവിലെ പത്തോടെ അബുദാബിയിൽ നിന്ന് കണ്ണൂരിലെത്തിയ ഇൻഡിഗോ വിമാനത്തിൻ്റെ ടോയ്ലറ്റിലാണ് സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
വിമാനം ലാൻ്റ് ചെയ്തു യാത്രക്കാർ ഇറങ്ങിയ ശേഷം കണ്ണൂരിലെ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു. പിടിക്കപ്പെടുമെന്ന ഭയത്താൽ കടത്തി കൊണ്ടുവന്ന സ്വർണം ടോയ്ലറ്റിൽ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് ഡിആർഐയുടെ നിഗമനം. സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. നീണ്ട മാസങ്ങൾക്ക് ശേഷമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടുന്നത്.