അങ്കണവാടി നിയമനം: യു.ഡി.എഫ്. നഗരസഭാ യോഗം ബഹിഷ്കരിച്ചു

മട്ടന്നൂർ: അങ്കണവാടി ജീവനക്കാരുടെ നിയമന പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. അർഹതപ്പെട്ടവരെ ഒഴിവാക്കി പക്ഷപാതപരമായിയാണ് പട്ടിക തയ്യാറാക്കിയത് . സി.പി.എം. പ്രാദേശിക നേതാക്കളുടെയും മുൻ കൗൺസിലർമാരുടയും ബന്ധുക്കളാണ് പട്ടികയിൽ മുന്നിൽ വന്നിട്ടുള്ളതെന്ന് യു.ഡി.എഫ്.
കൗൺസിൽ യോഗത്തിൽ അടിയന്തിരമായി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പി.രാഘവൻ നോട്ടീസ് നൽകി. പട്ടിക റദ്ദാക്കാനും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ച് വീണ്ടും അഭിമുഖം നടത്തി പുതിയ പട്ടിക തയ്യാറാക്കാനും വനിതാ ശിശു വികസന വകുപ്പിനോട് നഗരസഭ ആവശ്യപ്പെടണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എന്നാൽ പട്ടിക തയ്യാറാക്കിയതുമായി നഗരസഭക്ക് ബന്ധമില്ലെന്ന് ചെയർമാൻ എൻ.ഷാജിത്ത് അറിയിച്ചു. തുടർന്നാണ് കൗൺസിൽ യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്. കൗൺസിലർമാർ ഇറങ്ങിപ്പോയത്.
പട്ടികയിൽ ക്രമക്കേട് ആരോപിച്ച് യു.ഡി.എഫ്. കൗൺസിലർമാർ ഐ.സി.ഡി.എസ്. ഓഫീസിലുമെത്തി പ്രതിഷേധിച്ചു. കൗൺസിലർമാരായ പി രാഘവൻ, പി പി ജലീൽ, വി എൻ മുഹമ്മദ് കെ അഭിനേഷ്, അജിത്ത് കുമാർ, എം അഷ്റഫ്, ഉമൈബ കീച്ചേരി, പി പ്രജില,കെ പ്രിയ, മിനി രാമൃഷ്ണൻ, പി രജിന , സുജിത, അനിത തുടങ്ങിയവർ നേതൃത്വം നൽകി