india

വാട്‌സ്ആപ്പില്‍ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടക്കാം, എങ്ങനെയെന്നറിയാം

ചാറ്റിങ്ങും ഡിജിറ്റല്‍ പേയ്മന്റും കൂടാതെ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഇന്ത്യയില്‍ ബില്‍ പേയ്മെന്റ്‌സ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിച്ചത്. വിവിധ ഗാര്‍ഹിക ബില്ലികള്‍ ഇനി വാട്‌സ്ആപ്പിലൂടെ പേയ്‌മെന്റ് ചെയ്യാം. ഭാരത് കണക്ട് എന്ന ബില്‍ പേയ്മെന്റ് സംവിധാനത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പുതിയ സേവനം ഇന്ത്യയില്‍ ഘട്ടംഘട്ടമായാണ് ലഭ്യമാക്കുന്നത്.

വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി 22,722 ബില്ലര്‍മാരുടെ സേവനം വാട്‌സ്ആപ്പില്‍ ലഭ്യമാകും. വരും ആഴ്ചകളില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്.

*എങ്ങനെ ബില്‍ അടയ്ക്കാം?*

വാട്‌സ്ആപ്പിന്റെ ഹോം സ്‌ക്രീനില്‍ മുകളില്‍ കാണുന്ന രൂപ ചിഹ്നത്തില്‍ ടാപ്പ് ചെയ്താണ് ബില്‍ പേയ്മെന്റ്‌സ് വിഭാഗത്തിലേക്ക് പ്രവേശിക്കേണ്ടത്. തുടര്‍ന്ന് ആവശ്യമായ ബില്‍ വിഭാഗവും ബില്ലറും തെരഞ്ഞെടുക്കണം. അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ ശേഷം അവ സ്ഥിരീകരിക്കാം. വാട്‌സ്ആപ്പ് ബില്‍ തുക ലഭ്യമാക്കും. തുക പരിശോധിച്ച ശേഷം പേയ്മെന്റ് പൂര്‍ത്തിയാക്കാം. യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫേസ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യവും പുതിയ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

*ബില്ലുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം*

വീട്ടിലെ വിവിധ ബില്ലുകള്‍ എളുപ്പത്തില്‍ കൈകാര്യം
ചെയ്യുന്നതിനായി ഹൗസ്‌ഹോള്‍ഡ് ബില്‍സ് സമ്മറിയും വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പണമടച്ചിട്ടുള്ള ബില്ലര്‍മാരെ പേയ്മെന്റ്‌സ് ഹോം സ്‌ക്രീനില്‍ കാണിക്കും. അതുവഴി ഒരൊറ്റ ടാപ്പിലൂടെ വീണ്ടും ബില്‍ പേയ്മെന്റിലേക്ക് എത്താം. ഒരേ ബില്ലറിന് കീഴില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. വിവിധ ബില്ലുകള്‍ അടയ്ക്കുന്നതിനായി മറ്റൊരു ആപ്പിലേക്ക് മാറേണ്ട സാഹചര്യം ഒഴിവാക്കുകയാണ് പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button