ബോംബുകൾക്കും ആയുധങ്ങൾക്കുമായി മട്ടന്നൂരിലും വ്യാപക പരിശോധന.

മട്ടന്നൂർ : ബോംബുകൾക്കും ആയുധങ്ങൾക്കുമായി മട്ടന്നൂരിലും വ്യാപക പരിശോധന. ചൊവ്വാഴ്ച പൂർണ്ണമായും മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പരിശോധന. പരിശോധനയിൽ ബോംബുകളോ ആയുധങ്ങളോ ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
ആൾപാർപ്പില്ലാത്ത വീടുകൾ, കാട് മൂടിയ ഇടങ്ങൾ, റബർ തോട്ടങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നാരായൻപാറ, കാറാട്, കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകന്റെ ബൈക്ക് കത്തിനശിച്ച നിലയിൽ കണ്ടെത്തിയ കുന്നോത്ത് തുടങ്ങിയ മേഖലയിലാണ് ആദ്യ ഘട്ട പരിശോധന നടത്തിയത്. പിന്നീട് വിമാനത്താവള പ്രധാന കവാടത്തിന് സമീപത്തെ റോഡിലൂടെ പ്രദേശത്തെ ആളൊഴിഞ്ഞ മേഖലകളിൽ പരിശോധന നടത്തി. ഈ മേഖലയിൽ പാറാപ്പൊയിൽ ഭാഗത്തു വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുത്ത ഭൂമിയില നിരവധി വീടുകളാണ് ഉപേക്ഷിച്ച നിലയിലുള്ളത്.
ഇത്തരം വീടുകളും ആൾപാർപ്പില്ലാത്ത കാട് മൂടിയ പറമ്പുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
വിമാനത്താവളത്തിനടുത്ത വായന്തോട്, കല്ലേരിക്കര തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തി. മട്ടന്നൂർ എസ് ഐ എൻ ആർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള മട്ടന്നൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും വയനാട് നിന്നുള്ള ബോംബ് സ്ക്വഡും കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വഡുമാണ് മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തിയത്.