
വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ, സഞ്ചാരസാഹിത്യത്തിന് നൽകിയ സംഭാവനകൾ, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പൊതുസേവനങ്ങൾ എന്നിവയുടെ അംഗീകാരമായി ഡോ. ടി. പി. മുഹമ്മദിനെ ബ്രീസ്സ് ഫൗണ്ടേഷന്റെ ഡോ. എ.പി.ജെ. അബ്ദുൾ കലാം രാഷ്ട്രസേവാ പുരസ്‌കാരം–2026 നൽകി ആദരിക്കുന്നു.
“ഒരു പ്രവാസിയുടെ ലോക സഞ്ചാരങ്ങൾ” എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ രചയിതാവായ ഡോ. ടി. പി. മുഹമ്മദ്, വിദ്യാഭ്യാസ മേഖലയിലെ ദീർഘകാല സേവനങ്ങളിലൂടെയും സാമൂഹിക വികസന പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ സമഗ്രമായ വിദ്യാഭ്യാസ, സാഹിത്യ, സാമൂഹിക സേവനങ്ങളെ മുൻനിർത്തിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
ബ്രീസ്സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജൂലൈ 27-ന് എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ 11-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ അനുസ്മരണ സമ്മേളനവും, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 111 പേരുടെ കവിതകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ “സ്നേഹത്തിന്റെ സമൂഹം” എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും നടക്കും.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, പൊതുരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബ്രീസ്സ് ഫൗണ്ടേഷന്റെ സ്ഥാപകനും പ്രസിഡന്റുമായ ഡോ. ബി. ലൂയിസ് അറിയിച്ചു.



