
തളിപ്പറമ്പ്: ദേശീയപാതയുടെ കഷ്ടമാണ് കാൽനടയാത്രബസ് കാത്തിരിപ്പുകേന്ദ്രവുമില്ല നിർമാണപ്രവൃത്തികൾ നടക്കുന്ന ഭാഗങ്ങളിൽ കാൽനടയാത്ര ദുസ്സഹമായി. കുപ്പംമുതൽ ചുടല-കപ്പണത്തട്ട് ഭാഗങ്ങളിൽ കാൽനടയാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്. നിർമാണപ്രവൃത്തികൾ നടക്കുന്നതുകാരണം കാൽനടയാത്രക്കാർക്ക് തീരെ ഇടമില്ലാതായി. ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ കണ്ടാൽ അരികിലേക്ക് മാറിനിൽക്കാൻ സ്ഥലമില്ല.റോഡരികിലാകട്ടെ കൂറ്റൻ കുഴിയും മൺക്കൂനകളും നിർമാണസാമഗ്രികളും മറ്റും. പ്രവൃത്തി നടക്കാത്ത റോഡരികുകൾ കാടുപിടിച്ച അവസ്ഥയിലുമാണ്.
മൂടാത്ത ഓട വഴി മഴവെള്ളം കുത്തിയൊലിച്ച് തോടുപോലെയായ അവസ്ഥയുമുണ്ട്. റോഡരികിലൂടെ നടക്കാനും റോഡ് മുറിച്ചുകടക്കാനും ഏറെ പ്രയാസമുണ്ട്. റോഡ് പ്രവൃത്തി നടക്കാത്ത കുപ്പംമുതൽ തളിപ്പറമ്പ്ചിറവക്ക് വരെയുള്ള ഭാഗത്തും റോഡരികിലൂടെയുള്ള കാൽനടയാത്ര ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. റോഡിന്റെ ടാർചെയ്ത സ്ഥലംവരെ കാട് മൂടിയും പുല്ല് വളർന്നും നിൽക്കുന്നഅവസ്ഥയാണ്. മഴ കനത്താൽ വെള്ളം കുത്തിയൊലിച്ച് വരികയും റോഡരികുകളിൽ നിറയുകയുംചെയ്യും. കലക്കവെള്ളമായതിനാൽ വലിയ കുഴികളും ശ്രദ്ധയിൽപ്പെടില്ല.
ദേശീയപാതയുടെ നിർമാണപ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിലെ ബസ് കാത്തിരിപ്പും ഏറെ കഷ്ടത്തിലാണ്. നിർമാണപ്രവൃത്തി പൂർത്തിയായിവരുന്ന പലയിടത്തും ബസ്‌സ്റ്റോപ്പുകൾതന്നെ ഇല്ലാതായി. ബസ്‌സ്റ്റോപ്പുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും ഇല്ലാതായി. മഴയും വെയിലുംകൊണ്ട് റോഡിൽ നിൽക്കണം.കുപ്പം, ചുടല, കോരൻപീടിക, പരിയാരം സ്കൂൾ തുടങ്ങിയ സ്റ്റോപ്പുകളിലെല്ലാം ഈ സ്ഥിതിയാണ്.



