
തിരുവനന്തപുരം: തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്‌സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത് നിന്ന് രാവിലെ അഞ്ചരയോടെയാണ് ബസ് യാത്ര ആരംഭിച്ചത്. കൊല്ലം – ആലപ്പുഴ വഴി രാവിലെ 9.45 ബസ് എറണാകുളത്ത് എത്തും. വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളാണ് ബസില്‍ സജ്ജീകരിച്ചിട്ടുള്ളത്.കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ സംരംഭം മുഴുവനായും ബിസിനസ് ക്ലാസ് വിഭാഗത്ത് പെട്ടതാണ്. എല്ലാവിധ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടും കൂടിയാണ് ബസ് നിരത്തിലിറങ്ങുന്നത്.
ഏറ്റവും സുഗമമായ യാത്ര ഉറപ്പാക്കാന്‍ 39 റിക്ലൈനര്‍ സീറ്റുകളാണ് ബസിലുള്ളത്. കാലുകള്‍ നീട്ടിയിരിക്കാനുള്ള സൗകര്യവും ഇതിനൊപ്പമുണ്ട്. പ്രാദേശിക ഗതാഗത സര്‍വീസുകളില്‍ ആദ്യമായാണ് നിരവധി പ്രത്യേകതകളുള്ള ആഢംബര ബസ് നിരത്തിലിറക്കുന്നത്. നാലു മണിക്കൂര്‍ യാത്രയ്ക്കിടെ മികച്ച അനുഭവം നല്‍കാന്‍ ഓരോ സീറ്റിന് പിന്നിലും എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ സംവിധാനം ഉണ്ടാകും. മിനി പാന്‍ട്രി, മിനി റെഫ്രിജറേറ്റര്‍, കോഫി മേക്കര്‍, ദീര്‍ഘദൂര യാത്രയായതിനാല്‍ ടോയിലറ്റ് സംവിധാനം എന്നിവ ബസിലുണ്ട്. ഇതിന് പുറമേ സൗജന്യ വൈ – ഫൈ, ഓരോ സീറ്റിലും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്താണ് കെഎസ്ആർടിസി പ്രീമിയം ബസ് വാങ്ങുന്നത്. പ്രാഥമിക ഘട്ടത്തില്‍ ബിസിനസ് ക്ലാസ് സര്‍വീസായാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ എക്‌സിക്യൂട്ടീവ് ക്ലാസെന്ന് സര്‍വീസിനെ പുനര്‍നാമകരണം ചെയ്യുകയായിരുന്നു. വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗത്തിന് സമാനമായി ബസില്‍ ഒരു ബസ് ഹോസ്റ്റസിനെ നിയമിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ജീവനക്കാരെയാണ് ഈ ചുമതല ഏല്‍പ്പിക്കുക. ഈ ബസിനൊപ്പം വാങ്ങിയ രണ്ടാമത്തെ ബസ് നിലവില്‍ ആലപ്പുഴ – ബെംഗളുരു റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്.



