സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ ലോട്ടറി ജില്ലാതല പ്രകാശനം പി.ആര്‍. ചേംബറില്‍ ടി.ഒ മോഹനന്‍ എം.എല്‍.എ നിര്‍വഹിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു. എഡി.എം പി.എന്‍ പുരഷോത്തമന്‍ മുഖ്യാതിഥിയായി.
ഓള്‍ കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് ജില്ലാ പ്രസിഡന്റ് പി.വി സജേഷ്, ലോട്ടറി തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ മടപ്പള്ളി, ഓള്‍ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എം മനോജ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം.കെ രജിത്കുമാര്‍, ജില്ലാ ഭാഗ്യക്കുറി അസിസ്റ്റന്റ് ഓഫീസര്‍ ടി പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയര്‍ത്തിയാണ് ഇത്തവണ തിരുവോണം ബംബര്‍ ഭാഗ്യക്കുറി പുറത്തിറക്കിയത്. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം നല്‍കുന്നു. ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന ടിക്കറ്റ് വില്‍പ്പന നടത്തുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജന്‍സി സമ്മാനമായും നല്‍കുന്നു.
തിരുവോണം ബംബര്‍ ഭാഗ്യക്കുറിയിലൂടെ ഇത്തവണ 22 കോടിപതികളെ സൃഷ്ടിക്കാന്‍ കഴിയുന്നവിധമാണ് സമ്മാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും, നാലാം സമ്മാനം അഞ്ച് ലക്ഷം രൂപവീതം 10 പേര്‍ക്കും, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപവീതം 10 പേര്‍ക്കും നല്‍കും. ഇതിന് പുറമെ 5000 മുതല്‍ 500 രൂപവരെയുള്ള നിരവധി സമ്മാനങ്ങളും നല്‍കുന്നു.
ഏജന്റുമാര്‍ക്ക് ഡിസ്‌ക്കൗണ്ട് നിരക്കിന് പുറമെ ഒരു ടിക്കറ്റിന് ഒരു രൂപ വീതം ഇന്‍സന്റീവും ഇത്തവണ നല്‍കുന്നുണ്ട്. ഭാഗ്യക്കുറിയില്‍ നിലവിലുള്ള സുരക്ഷാസംവിധാനങ്ങള്‍ക്ക് പുറമെ ഇത്തവണ ഫ്ളൂറസെന്റ് മഷിയുള്ള അച്ചടി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10 പരമ്പരകളായി പുറത്തിറങ്ങിയ ടിക്കറ്റിന് ഒന്നിന് 500 രൂപയാണ് വില.
സെപ്തംബര്‍ 26 ന് ഭാഗ്യക്കുറി നറുക്കെടുക്കും.



