
എറണാകുളം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സപ്ലൈകോ നടത്തുന്ന ഔട്ട്ലെറ്റുകളിലെ ചില്ലറ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം. ഓഗസ്റ്റ് ഒന്ന് മുതൽ 19 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ ആകെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. ഉത്സവ സീസണിലെ തിരക്കുകളിലേക്ക് വിപണി പൂർണമായി കടക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സർവ്വകാല റെക്കോർഡ് വിൽപ്പനയാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും പ്രത്യേകം സജ്ജമാക്കിയ ഓണം ഫെയറുകളിലും രേഖപ്പെടുത്തുന്നത്.
സമാഹരിച്ച ആകെ തുകയിൽ 72 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും, 135 കോടി രൂപ നോൺ-സബ്‌സിഡി ഇനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്. പൊതുവിപണിയിലെ വിലക്കയറ്റം തടഞ്ഞ് നിർത്താൻ കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള അവശ്യസാധനങ്ങൾ നൽകിയതാണ് ജനങ്ങളെ സപ്ലൈകോയിലേക്ക് കൂടുതൽ ആകർഷിച്ചത്. കഴിഞ്ഞ 19 ദിവസത്തിനിടെ 26 ലക്ഷത്തോളം ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വിവിധ വിൽപ്പനശാലകളും ഫെയറുകളും സന്ദർശിച്ചത്. ജില്ലാ – താലൂക്ക് തലങ്ങളിൽ സംഘടിപ്പിച്ച പ്രത്യേക ഫെയറുകളിൽ നിന്ന് മാത്രം രണ്ടു കോടി രൂപയുടെ വിറ്റുവരവുണ്ടായി.



