
ഇരിട്ടി: കേരളത്തിന്റെ വനവിസ്തൃതിയുടെ വാഹക ശേഷിയേക്കാള്‍ പതിന്മടങ്ങ് അധികമാണ് കേരളത്തിലെ വന്യമൃഗങ്ങളുടെ എണ്ണം എന്നതിനാല്‍ വന്യമൃഗ ശല്യത്തിന് ശാസ്ത്രീയമായ പരിഹാരമാണ് ആവശ്യമെന്നും ഇതിന് സംസ്ഥാന ഗവണ്‍മെന്റ് മുന്‍കൈയെടുക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് പറഞ്ഞു. 1972ലെ വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 11 പ്രകാരം ഏതെങ്കിലും ഒരു സംസ്ഥാനത്ത് അല്ലെങ്കില്‍ ഒരു പ്രദേശത്ത് വിസ്തൃതിയുടെ വാഹകശേഷിയെക്കാള്‍ അധികം വന്യമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയെ മറ്റു പ്രദേശങ്ങളിലേക്കോ സംസ്ഥാനങ്ങളിലേക്കോ ട്രാന്‍സ് ലൊക്കേറ്റ് ചെയ്യുവാന്‍ നിയമവ്യവസ്ഥയുണ്ട്. അടിയന്തരമായി സംസ്ഥാന ഗവണ്‍മെന്റ് വന്യജീവി സംരക്ഷണ നിയമത്തിലെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചു കൊണ്ട് കേന്ദ്ര ഗവണ്‍മെന്റുമായും വനവിസ്തൃതി കൂടിയ മറ്റ് സംസ്ഥാനങ്ങളുടെ ഭരണാധികാരികളുമായും സംസാരിച്ചു കേരളത്തിലെ വന്യമൃഗ ശല്യത്തിന് ശാസ്ത്രീയമായ പരിഹാരം കണ്ടെത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ ആരംഭിച്ച അനിശ്ചിതകാല കര്‍ഷക സ്വരാജ് സത്യാഗ്രഹത്തിനോടനുബന്ധിച്ച് കേരളത്തിന്റെ 14 ജില്ലകളില്‍ നടന്ന അനുഭാവ സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിട്ടിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് ചെയര്‍മാന്‍ സ്‌കറിയ നെല്ലംകുഴി അധ്യക്ഷത വഹിച്ചു. പവിത്രന്‍ തില്ലങ്കേരി, എന്‍ എഫ് ആര്‍ പി എസ്സ് സ്ഥാന വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പുതിയടത്ത്പറമ്പില്‍, കര്‍ഷക ഐക്യ സമിതി സംസ്ഥാന ചെയര്‍മാന്‍ ജെയിംസ് പന്നിയമാക്കല്‍, ഫെയര്‍ ട്രേഡ് അലയന്‍സ് കേരള ചെയര്‍മാന്‍ ജോസ് പൂവത്തിങ്കല്‍, സര്‍വോദയ മണ്ഡലം വൈസ് ചെയര്‍മാന്‍ പവിത്രന്‍ കൊതേരി, ഇന്‍ഫാം കണ്ണര്‍ ജില്ലാ സിക്രട്ടറി ഷാജി കെ. എന്‍, ആര്‍ കെ എം എസ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ സണ്ണി തുണ്ടത്തില്‍ സംസ്ഥാന ഭാരവാഹികളായ ജോസഫ് വടക്കേക്കര, അഗസ്റ്റിന്‍ വെള്ളാരംകുന്നേല്‍, ഗര്‍വ്വാസിസ് കല്ലുവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.വെള്ളരിക്കുണ്ടിലെ അനിശ്ചിതകാല സത്യാഗ്രഹത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റിയും ഐക്യദാര്‍ഢ്യ സമിതിയും ചേര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ കല്ലറയിലും, കൊല്ലം ജില്ലയിലെ തിരുമൂലവാരത്തും, ആലപ്പുഴ ജില്ലയില്‍ മുളക്കുഴയിലും, പത്തനംതിട്ട ജില്ലയിലെ ചാത്തന്‍ തറയിലും, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും, ഇടുക്കി ജില്ലയിലെ അടിമാലിയിലും, എറണാകുളം ജില്ലയിലെ കച്ചേരിപ്പടിയിലും, തൃശ്ശൂര്‍ ജില്ലയിലെ കോടാലിയിലും, പാലക്കാട് ജില്ലയിലെ അഞ്ചുവിളക്കിലും, മലപ്പുറം ജില്ലയിലെ വണ്ടൂരിലും, കോഴിക്കോട് ജില്ലയിലെ കിഡ്‌സണ്‍ കോര്‍ണറിലും, വയനാട് ജില്ലയിലെ കല്‍പ്പറ്റയിലും, കാസര്‍കോട് ജില്ലയിലെ ബദിയടുക്കയിലും അനുഭാവ സത്യാഗ്രഹം നടത്തി.



