
തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ സാഹസിക വിനോദസഞ്ചാരകേന്ദ്രമായ പാലക്കയംതട്ടിൽ മഴക്കാലത്തിന്റെ വരവോടെ പ്രേതങ്ങൾ പൂത്തുലഞ്ഞു. മഴക്കാലത്ത് കിളിർക്കുന്ന അപൂർവ പരാദസസ്യമാണ് കാട്ടിലെ പ്രേതങ്ങൾ (ഫോറസ്റ്റ്ഗോസ്റ്റ്) എന്നറിയപ്പെടുന്ന മനോഹര പുഷ്പങ്ങൾ. പുലിക്കുരുമ്പ സ്വദേശിയായ പ്രകൃതിനിരീക്ഷകൻ ജോർജ് മുട്ടത്തിലാണ് പാലക്കയംതട്ടിലെ കാടുകളിൽ പൂവിട്ട ഫോറസ്റ്റ് ഗോസ്റ്റിന്റെ ചിത്രം പകർത്തിയത്.
പശ്ചിമഘട്ടത്തിലെ കാടുകളിലും ഹിമാലയത്തിലും കാണപ്പെടുന്ന ഇവ അപൂർവമായേ മനുഷ്യരുടെ ശ്രദ്ധയിൽപെടാറുള്ളൂ.
ഓറോബങ്കേസി സസ്യകുടുംബത്തിൽപെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Aeginetia indica എന്നാണ്. ചെങ്കുമിൾ, ഗോസ്റ്റ് പൈപ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു. മൺസൂണിൽ നനവുള്ള സ്ഥലങ്ങളിൽ മറ്റുസസ്യങ്ങളുടെ വേരുകളിലാണ് ഇവ വളരുന്നത്. ഇലകൾ ഉണ്ടാവില്ല. ഇതിന്റെ പൂവും വേരും ഔഷധഗുണമുള്ളതുമാണ്. ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകുന്നതുകൊണ്ടാകാം ഇവയെ ഫോറസ്റ്റ് ഗോസ്റ്റ് ഫ്ലവർ എന്ന് വിളിക്കുന്നതെന്ന് കരുതുന്നു.



