
മട്ടന്നൂർ: ഐക്യ സന്ദേശം ഉയർത്തിയ ഹജ്ജ് ക്യാമ്പിന് സമാപനം. മത – രാഷ്ട്രീയ കക്ഷി ഭേദമന്യേ നേതാക്കളും പ്രവർത്തകരും ഒരുമിച്ച വലിയ ജനപങ്കാളിത്തം ശ്രദ്ധേയമാക്കിയാണ് 20 ദിവസമായി നടന്നുവന്ന ക്യാമ്പ് സമാപിച്ചത്. ഏറെ പുതുമ നിറഞ്ഞ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കണ്ണൂരിലെ ഹജ്ജ് ക്യാമ്പ് ഈ മാസം 10 നാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ തുടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയുള്ള ഹജ്ജ് വിമാനത്തിലെ യാത്രികരെ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ വിമാനത്താവളത്തിലേക്ക് യാത്രയാക്കിയതോടെയാണ് ഹജ്ജ് ക്യാമ്പ് സമാപിച്ചത്.
28 വിമാനങ്ങളിലായി 4757 യാത്രക്കാരാണ് കണ്ണൂരിൽനിന്ന് ഹജ്ജ് കർമ്മത്തിനായി ഇത്തവണ യാത്ര തിരിച്ചത്.
കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി നിർമിച്ച കാർഗോ കോംപ്ലക്സിലായിരുന്നു ക്യാമ്പ് പ്രവർത്തിച്ചത്. ഇത്തവണ ഏറെ ആശങ്കക്ക് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താൽപര്യമെടുത്ത് ഇടപെട്ടതോടെയാണ് കാർഗോ കോംപ്ലക്സ് ഹജ്ജ് ക്യാമ്പിനായി അനുവദിച്ചു കിട്ടിയത്.
അടുത്തുതന്നെ കാർഗോ കോംപ്ലക്സിന്‍റെ ഉദ്ഘാടനം നടക്കും. അടുത്ത വർഷം ഹജ്ജ് ക്യാമ്പിന് കാർഗോ കോംപ്ലക്സ് കിട്ടനുള്ള സാധ്യത ഇതോടെ ഇല്ലാതാകും. ഈ സാഹചര്യത്തിൽ ഇവിടെ അനുവദിച്ച ഹജ്ജ് ഹൗസ് അടുത്ത ഹജ്ജ് സീസനു മുമ്പ് പൂർത്തിയാക്കണമെന്ന ആഹ്വാനവുമായാണ് ക്യാമ്പിന് സമാപനമായത്.
സംസ്ഥാന സർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഈ ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. ഹജ്ജ് എംമ്പാർക്കേഷൻ പോയിന്‍റ് അനുവദിച്ച് കേവലം മൂന്ന് വർഷം പിന്നിടുമ്പോൾ തന്നെ ദേശീയ തലത്തിൽ കണ്ണൂർ അന്താരാഷ്ട വിമാനത്താവളത്തിന് പ്രാമുഖ്യം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ ഹജ്ജ് ഹൗസിന് മുഖ്യമന്ത്രി ശില പാകിയത്.
സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകളിൽ മികച്ച ക്യാമ്പാണ് കണ്ണൂർ ഹജ്ജ് ക്യാമ്പെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. കണ്ണൂരിലേക്ക് ആദ്യമായി വരുമ്പോൾ ആശങ്കയുണ്ടായിരുന്നതായി സെൽ ഓഫീസറും പൊലീസ് സുപ്രണ്ടുമായ എസ്. നജീബ് പറഞ്ഞു. ഇവിടെയുള്ള ജനങ്ങളുടെ സ്നേഹവും സഹകരണവും മൂന്ന് വർഷവും ക്യാമ്പ് വിജയമാക്കുവാൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.
ഹജ്ജ് ക്യാമ്പിന്‍റെ സമാപന ദിവസം മുൻ രാജ്യസഭ എം.പിയും സി.പി.എം ജില്ല സെക്രട്ടറിയുമായ കെ.കെ. രാഗേഷും മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുല്ലയും ക്യാമ്പ് സന്ദർശിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പാറക്കൽ അബ്ദുല്ല ക്യാമ്പിലെത്തിയത്. നേതാക്കളായ അൻസാരി തില്ലങ്കേരി, ഇ.പി. ഷംസുദ്ദീൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് കെ.കെ. രാഗേഷ് ക്യാമ്പിലെത്തിയത്.