കാട്ടുപന്നിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പ്രത്യേക ഡ്രൈവ് നടത്തും -മന്ത്രി എ.കെ ശശീന്ദ്രന്‍

പാനൂര്‍ നഗരസഭ, പാട്യം, മൊകേരി ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലളില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇതിനായി ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കും. മൊകേരി പഞ്ചായത്ത് ഹാളില്‍ കെ.പി മോഹനന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പാനൂര്‍ നഗരസഭ അധ്യക്ഷന്‍, കൂത്തുപറമ്പ്- പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പാട്യം, മൊകേരി പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം, വാര്‍ഡ് മെമ്പര്‍, പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ ഉള്‍പ്പെടുന്നതായിരിക്കും ടാസ്‌ക് ഫോഴ്‌സ്. ഇവരുടെ നേതൃത്വത്തില്‍ കാട്ടുപന്നികള്‍ക്കായി വ്യാപകമായി തിരച്ചില്‍ നടത്തുകയും ആവശ്യമെങ്കില്‍ വെടിവെക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. കാട്ടുപന്നിയെ വെടിവെക്കുന്നത്തിനുള്ള ഉത്തരവ് പുതുക്കുന്നതിനുള്ള അവകാശം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കുണ്ടെന്നും ഡ്രൈവില്‍ ജനകീയ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമത്തില്‍ ഉണ്ടായ കൃഷിനാശം വിലയിരുത്തി ജില്ലാ കൃഷി ഓഫീസര്‍ ഒരാഴ്ചയ്ക്കകം വനംവകുപ്പിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് നഷ്ടപരിഹാര തുക സംബന്ധിച്ച കാര്യങ്ങളില്‍ തുടര്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മരണമടഞ്ഞ ശ്രീധരന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന മുറയ്ക്ക് നല്‍കും. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ വിദ്യാഭ്യാസ യോഗ്യതകൂടി പരിശോധിച്ച് തീരുമാനമെടുക്കും. വന്യജീവി ആക്രമണം തടയുന്നതിന് കഴിയുന്നത്ര മുന്‍കരുതലകള്‍ എല്ലാ സ്ഥലങ്ങളിലും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉടന്‍ യോഗം ചേരുമെന്ന് കെ പി മോഹനന്‍ എംഎല്‍എ അറിയിച്ചു. കാട്ടുപന്നികളെ പ്രതിരോധിക്കാന്‍ തോക്കുള്ള ജവാന്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന ആവശ്യത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വനഭൂമികളില്‍ വന്യജീവികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഡി എഫ് ഒ അറിയിച്ചു.
പാനൂര്‍ നഗരസഭ അധ്യക്ഷന്‍ കെ.പി ഹാഷിം, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഷീല, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി റംല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി വത്സന്‍, എന്‍.വി ഷിനിജ, സി.കെ രമ്യ, കെ.കെ മണിലാല്‍, കെ ലത, സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സിസിഎഫ് കെ.എസ് ദീപ, ഡി എഫ് ഒ എസ്. വൈശാഖ്, കൂത്തുപറമ്പ് എസിപി കൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.