ആസിയാൻ രാജ്യങ്ങളുടെ ഓപ്പൺ സ്കൈ പോളിസിയിൽ കണ്ണൂർ വിമാനത്താവളത്തെ ഉൾപ്പെടുത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ
ആസിയാൻ രാജ്യങ്ങളുടെ ഓപ്പൺ സ്കൈ പോളിസിയിൽ കണ്ണൂർ വിമാനത്താവളത്തെ ഉൾപ്പെടുത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഏതാനും രാജ്യങ്ങളൂമായുള്ള എയർ സർവീസ് കരാറനുസരിച്ച് ഗോവയ്ക്ക് പോയിന്റ് ഓഫ് കോൾ പദവി നൽകിയിട്ടുള്ളതിനാൽ ഗോവയിലെ ഏത് വിമാനത്താവളത്തിൽ നിന്നും വിദേശവിമാന കമ്പനികൾക്ക് സർവ്വീസുകൾ നടത്താം.
എന്നാൽ കേരളത്തിന് ഇപ്രകാരം പോയിന്റ് ഓഫ് കോൾ പദവി നൽകാത്തതിനാൽ കണ്ണൂരിൽ നിന്ന് വിദേശവിമാന കമ്പനികൾക്ക് സർവീസുകൾ നടത്താൻ കഴിയില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്.
എയർ സർവ്വീസ് കരാറനുസരിച്ച് കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങൾക്ക് മാത്രമാണ് ഈ പദവി നൽകിയിട്ടുള്ളതെന്നും മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
ആസിയാൻ ഓപ്പൺ സ്കൈ നയമനുസരിച്ച് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം ഇന്ത്യയിലെ 18 ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ വിമാനത്താവളങ്ങൾക്കാണ് പോയിന്റ് ഓഫ് കോൾ പദവി നല്കിയിരിക്കുന്നതെന്നും കണ്ണൂർ പരിഗണനയിൽ ഇല്ലെന്നും വ്യോമയാന സഹമന്ത്രി മുരളീധർ മൊഹാൽ രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ അറിയിച്ചു.