ഊതി വീര്‍പ്പിച്ച് വലുതാക്കരുത്; കലോത്സവങ്ങളിലെ സംഘര്‍ഷങ്ങളില്‍ മന്ത്രി ആര്‍ ബിന്ദു
തിരുവനന്തപുരം: കലോത്സവങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കലോത്സവ വേദികള്‍ ഇങ്ങനെ മാറേണ്ടതല്ലെന്നും കലോത്സവങ്ങള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കേന്ദ്രമായി മാറേണ്ടതാണെന്നും മന്ത്രി പറഞ്ഞു. സംഘര്‍ഷങ്ങളില്‍ സംഘാടകര്‍ക്കും പങ്കുണ്ട്. പരാതികള്‍ ഉയര്‍ന്നാല്‍ സംഘാടകര്‍ ഇടപെട്ട് പരിഹരിക്കണം. ഊതി വീര്‍പ്പിച്ച് വലുതാക്കരുതെന്നും മന്ത്രി ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.
തൃശൂരില്‍ നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍, വയനാട്ടില്‍ നടന്ന എഫ് സോണ്‍ കലോത്സവങ്ങളിലെ സംഘര്‍ഷത്തിന് പിന്നാലെ പാലക്കാട് മണ്ണാര്‍ക്കാട് നടക്കുന്ന എ സോണ്‍ കലോത്സവത്തിലും കോഴിക്കോട് നടക്കുന്ന ബി സോണ്‍ കലോത്സവത്തിലും സംഘര്‍ഷമുണ്ടായി. സംഘാടകരും യൂണിയന്‍ ഭാരവാഹികളും തമ്മിലുണ്ടായ തര്‍ക്കമാണ് മണ്ണാര്‍ക്കാട് നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല എ സോണ്‍ കലോത്സവത്തിലെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കുകയായിരുന്നു.